
തമിഴ്നാട്ടിൽ കൊവിഡ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യപ്രവർത്തകരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിൽ എട്ടുമാസം ഗർഭിണിയായ ഡോക്ടറും രണ്ടു നഴ്സുമാരും ഉൾപ്പെടും.
സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ശൺമുഖപ്രിയയ്ക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. 32 വയസായ ഇവർ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഗർഭിണിയായിരുന്നതിനാൽ കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ല. 10 ദിവസം മുമ്പ് ശൺമുഖപ്രിയയെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ഇവർ ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
വെല്ലൂരിലെ രാജീവ് ഗാന്ധി നഗർ സ്വദേശിയായ 52കാരി നഴ്സ് പ്രേമയാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായ മറ്റൊരു ആരോഗ്യപ്രവർത്തക. 25വർഷമായി വെല്ലൂരിലെ സർക്കാർ ആശുപത്രിയിലെ നഴ്സായ ഇവർ അവിടെതന്നെ ചികിത്സ തേടുകയായിരുന്നു. മേയ് ഒമ്പതിന് പ്രേമയും മരണത്തിന് കീഴടങ്ങി.
34കാരിയായ ഇന്ദ്രയാണ് ഞായറാഴ്ച കൊവിഡ് മൂലം ജീവൻ നഷ്ടമായ മറ്റൊരു ആരോഗ്യപ്രവർത്തക. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലെ നഴ്സായിരുന്നു ഇവർ.കഴിഞ്ഞ ആഴ്ചകളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മേയ് 24വരെ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here