ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍

ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍. അവശ്യ സര്‍വീസുകളും അത്യാവശ്യക്കാരുമാണ് പുറത്തിറങ്ങിയത്. ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധനയുണ്ടായി. ലോക്ക്ഡൗണിന്റെ മൂന്നാം ദിനവും കനത്ത നിയന്ത്രണങ്ങളാണ് വടക്കന്‍ ജില്ലകളിലുള്ളത്.

കൊവിഡിന്റെ അതിതീവ്ര വ്യാപനത്തെ പിടിച്ചുകെട്ടാന്‍ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നത്. ഹോട്ടലുകളില്‍ പാര്‍സല്‍ സൗകര്യം ഉണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലും ഗ്രാമപ്രദേശങ്ങിലും പൊലീസിന്റെ ശക്തമായ പരിശോധനയുണ്ടായി. അനാവശ്യമായും,സത്യവാങ്മൂലമില്ലാതെയും പുറത്തിറങ്ങിയവര്‍ക്കെതിരെ കേസെടുത്തു.

മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.25 ശതമാനമായതു കൊണ്ട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വഴിക്കടവ് നാടുകാണി ചുരം പോലെയുള്ള സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി .അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മൂന്നു ദിവസങ്ങളിലായി അഞ്ഞൂറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. വയനാട് ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശ്ശന പരിശോധനയുണ്ടായി.

പ്രധാന ആശുപത്രികളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തി. കണ്ണൂരില്‍ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും, കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടപ്പുഴ ചെക്ക് പോസ്റ്റിലും പരിശോധന നടന്നു. തീവ്ര വ്യാപനമുള്ള പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളിലാക്കി മാറ്റി. 55 കേന്ദ്രങ്ങളിലാണ് കാസര്‍കോട് ജില്ലയില്‍ പൊലീസ് പരിശോധന നടന്നത് . അതിര്‍ത്തിയില്‍ 7 അന്തര്‍സംസ്ഥാന പാതകള്‍ അടച്ചു. കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനകളില്‍ ഉറപ്പു വരുത്തി. പാലക്കാട് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ അനാവശ്യമായി ജില്ലവിട്ട് യാത്രക്കൊരുങ്ങിയ നിരവധി പേരെ പൊലീസ് മടക്കി അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News