തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

മലയാള വാണിജ്യസിനിമകളുടെ വിജയപാത തെളിച്ച വ്യക്തിയായിരുന്നു ഡെന്നീസ് ജോസഫ്. രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, നിറക്കൂട്ട്, നമ്പര്‍ 20 മദ്രാസ് മെയില്‍, മനു അങ്കിള്‍, അഥര്‍വം തുടങ്ങി മലയാളി മനസ്സില്‍ എന്നെന്നും തങ്ങി നില്‍ക്കുന്ന ഒട്ടനവധി കലാമൂല്യമുള്ള സിനിമകള്‍ മലയാള സിനിമാ രംഗത്തിന്ന നല്‍കിയ വ്യക്തിയായിരുന്നു ഡെന്നീസ് ജോസഫ്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ഡെന്നീസ് ജോസഫ് ജനിച്ചത്. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി.

പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഇദ്ദേഹത്തിന്റെ തിരക്കഥ മുഖ്യ പങ്കുവഹിച്ചു.

ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി.1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.

മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. നിറക്കൂട്ട്, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, ന്യൂഡൽഹി, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, ആകാശദൂത്, വജ്രം, പത്താം നിലയിലെ തീവണ്ടി എന്നിവയാണ് ഇദ്ദേഹം മറ്റു സംവിധായകർക്കായി തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങൾ.മനുവങ്കിൾ, അഥർവ്വം, തുടർക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം.

ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News