മഹാരാഷ്ട്രയിലെ പുതിയ കൊവിഡ് കണക്കുകൾ സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് സംസ്ഥാനം രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിൽ 37,236 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മഹാരാഷ്ട്രയിൽ 48,401 പുതിയ കൊവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
ഇന്ന് മരണനിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 549 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,607 പേർക്ക് അസുഖം ഭേദമായി. ഇതുവരെ 44,69,426 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് 86.97 ശതമാനമായി രേഖപ്പെടുത്തി.
മുംബൈയിലും ദിനംപ്രതി രോഗവ്യാപനത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) കണക്കുകൾ പ്രകാരം മുംബൈയിൽ 1,794 കേസുകളും 74 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത് .
മുംബൈയിൽ 45,534 പേരാണ് ചികിത്സയിൽ കഴിയുന്നത്. 61,69,98 പേർക്ക് അസുഖം ഭേദമായി. മെയ് 3 നും മെയ് 9 നും ഇടയിൽ കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 0.41 ശതമാനമായിരുന്നതിനാൽ മുംബൈയുടെ രോഗമുക്തി നിരക്ക് 91 ശതമാനമായി ഉയർന്നു. മാത്രമല്ല, നഗരത്തിൽ 2,997 ഐസിയു കിടക്കകളും 1,521 വെന്റിലേറ്റർ കിടക്കകളും 12,855 ഓക്സിജൻ കിടക്കകളും നിലവിൽ ഒഴിവുണ്ടെന്ന് ബിഎംസി അധികൃതർ അറിയിച്ചു.
നിലവിൽ 36,70,320 പേർ ഹോം ക്വാറന്റൈനിലും 26,664 പേർ കൊവിഡ് കേന്ദ്രങ്ങളിലും ചികത്സയിലാണ്.
Get real time update about this post categories directly on your device, subscribe now.