എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ് ;ഡെന്നീസ് ജോസഫിനൊപ്പമുള്ള ഓര്‍മ്മകള്‍ കൈരളിന്യൂസിനോട് പങ്കുവെച്ച് മോഹന്‍ലാല്‍

‘എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ്’. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനൊപ്പമുള്ള് ഓര്‍മ്മകള്‍ കൈരളി ന്യൂസിനോട് പങ്കുവയ്ക്കുകയായിരുന്നു മലയാളത്തിന്റെ താരം മോഹന്‍ലാല്‍.

വിന്‍സെന്റ് ഗോമസിനെ പോലുള്ള ഒരുപാട് കഥാപാത്രങ്ങളെ തന്ന എഴുത്തുകാരന്‍ തന്നെയാണ് അദ്ദേഹം. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലും അഭിനയിച്ചിട്ടുണ്ടെന്നും വളരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത തന്നെയാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പെട്ടെന്നാണ് വാര്‍ത്ത കേട്ടത്. ഒരുപാട് സിനിമകള്‍ പുറകിലേക്ക് പോയി.. രാജാവിന്റെ മകന്‍ ആയാലും ശേഷം നമ്പര്‍ ട്വന്റി ആയാലും ഇന്ദ്രജാലം ആയാലും ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങനെ ഒരുപാട് സിനിമയുണ്ട്…ഗാന്ധര്‍വ്വം മനു അങ്കിള്‍…അങ്ങനെ ഒരുപാട് നല്ല സിനിമകള്‍..

എന്റെ മാത്രമല്ല മലയാള സിനിമയിലെ ഒരുപാട് നടന്മാര്‍ക്ക്, മമ്മൂട്ടിക്ക് ആയാലും മറ്റുപലര്‍ക്കും ഒക്കെ ഒരുപാട് വലിയ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച കഥാകൃത്ത്.  മലയാളസിനിമയെ മറ്റു ഭാഷയിലേക്ക് ഒക്കെ അരങ്ങേറ്റം ചെയ്യപ്പെടാന്‍, അല്ലെങ്കില്‍ എല്ലാവര്‍ക്കും അറിയപ്പെടുന്ന സിനിമകള്‍ ആക്കി മാറ്റിയ ചിത്രങ്ങളായിരുന്നു ഡെന്നീസ് ജോസഫിന്റേത്.

ഇന്നും രാജാവിന്റെ മകനിലെയും ന്യൂഡല്‍ഹിയിലെയുമൊക്കെ ഡയലോഗുകള്‍ എല്ലാവരും പറയാറുണ്ട്. ‘മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്’ എന്നൊക്കെ പല സമയങ്ങളില്‍ ടെലിവിഷനിലോ എപ്പോഴൊക്കെയോ ആള്‍ക്കാരുടെ സംസാരങ്ങളില്‍ ഒക്കെയും കടന്നുവരാറുണ്ട്. ഒരുപക്ഷേ ഒരു പത്ത ഇരുപത് വര്‍ഷം കഴിഞ്ഞാലും നിലനില്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ ആയി തന്നെ ഇതൊക്കെ മാറും. അതൊരു ആ എടുത്തു കാരന്റെ വലിയ കഴിവ് തന്നെയാണ്.

വളരെ അടുത്തകാലത്ത് ഒക്കെ ഞങ്ങള്‍ സംസാരിക്കുമായിരുന്നു. കണ്ടിട്ട് ഒന്ന് രണ്ട് വര്‍ഷമായി. ഒരുപാട് സിനിമകളെ പറ്റിയും നമ്മളെ പറ്റിയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും എല്ലാം സംസാരിക്കുന്ന നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു ഡെന്നിസ്. ഇത്തരം നല്ല സിനിമകള്‍ ഉണ്ടാകുമ്പോള്‍ ഒരുപാട് നല്ല അനുഭവങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിട്ടുണ്ട്. രാജാവിന്റെ മകന്‍ ഒരിക്കല്‍കൂടി ചെയ്യാന്‍ ആലോചിക്കുകയും ആ സമയം നടക്കാതെ പോയിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൈരള് ന്യൂസിനോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here