വിപ്ലവനക്ഷത്രം മാഞ്ഞു; കെ ആർ ഗൗരിയമ്മ വിട വാങ്ങി

സ്വാതന്ത്യാനന്തര കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിത്വമാണ് കെ ആർ ഗൗരിയമ്മ എന്ന കളത്തിൽ പറമ്പിൽ രാമൻ ഗൗരിയമ്മ. ആധുനിക കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്നു കെ ആർ ഗൗരിയമ്മ. സഖാവ് കെ ആർ ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. ചേർത്തല താലൂക്കിലെ പട്ടണക്കാട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിൽ പറമ്പിൽ കെ രാമൻ , പർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജനനം .തിരൂർ ചേർത്തല എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജസ് കോളേജിൽ നിന്നും ബി എ പൂർത്തിയാക്കി. അക്കാലത്തു ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമബിരുദം എറണാകുളം ലോ കോളേജിൽ നിന്നും സ്വന്തമാക്കി.

പഠനകാലത്ത് തന്നെ വിദ്യാർത്ഥി രാഷ്ട്രിയത്തിൽ സജീവമായിരുന്നു .സഹോദരൻ സുകുമാരൻ പകർന്ന അറിവിൽ നിന്നുമാണ് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ആദ്യ ചുവട്. 1947ന് മുൻപ് ഗൗരിയമ്മ രാഷ്ട്രിയത്തിൽ എത്തിയിരുന്നു. മർദ്ദിതരുടെയും ചൂഷിതരുടെയും യാതനകൾക്കെതിരെ പോരാട്ടത്തിൽ ഉറച്ച് സമരഭൂമിയിൽ ഇറങ്ങിയ ഗൗരിയമ്മ ചെങ്കൊടിക്കൊപ്പമായിരുന്നു. 1953, 1954ൽ നടന്ന തിരുവിതാംകൂർ, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ ഗൗരിയമ്മ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയായിരുന്നു ഗൗരിയമ്മ .

പിന്നീട് അഞ്ചാം നിയമസഭാ ഒഴികെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ളത്തിൽ നിയമസഭകളിലും അംഗമായിരുന്നു. പ്രഥമ കേരള നിയമസഭയിൽ റവന്യു, എക്സൈസ് ദേവസ്വം വകുപ്പുകളുടെ ചുമതലയായിരുന്നു ഗൗരിയമ്മയ്ക്ക്. റവന്യു മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമത്തിന്റെ പിന്നിലും ഗൗരിയമ്മയുടെ കരങ്ങളുണ്ടായിരുന്നു. കേരള കാർഷിക പരിഷ്കരണ നിയമം,സർക്കാർ ഭൂമി പതിച്ച് കൊടുക്കൽ നിയമം, അഴിമതി നിരോധന നിയമം, വനിതാ കമ്മീഷൻ ആക്ട് എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മയായിരുന്നു.

1967 ൽ രണ്ടാമത് ഇ എം എസ് മന്ത്രിസഭയിൽ റവന്യു വകുപ്പ് കൈകാര്യം ചെയ്ത ഗൗരിയമ്മ ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരമായ ഭേദഗതി വരുത്തി നടപ്പിലാക്കി. അതോടെ ജന്മിത്വം കേരളത്തിൽ നിരോധിക്കപ്പെട്ടു. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5 ലക്ഷം കുടിക്കിടപ്പുകാരും ഭൂമിയുടെ ഉടമസ്ഥരായി. ഒന്നാം നായനാർ മന്ത്രിസഭയിലും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും നയിച്ച ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭകളിലും ഗൗരിയമ്മ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോൾ വ്യവസായ വികസനത്തിന് പുതിയ പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതിന് ഗൗരിയമ്മയ്ക്ക് സാധിച്ചു. അങ്ങനെ പല വിധത്തില്‍ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വമായി ഗൗരിയമ്മ ജനമനസ്സുകളില്‍ അടയാളപ്പെടുത്തപ്പെട്ടു.
എന്നാൽ ,നിര്‍ഭാഗ്യവശാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തയായ ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്താവുന്ന അവസ്ഥയുണ്ടായി. പിന്നീട് ജനാധിപത്യ സംരക്ഷണ സമിതി ജെ എസ് എസ് എന്ന പാർട്ടി രൂപീകരിച്ചു.

പതിനൊന്നാം കേരളം മന്ത്രി നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ, ഏറ്റവും പ്രായം കൂടിയ നിയമസഭാ അംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി എന്നിങ്ങനെ നിരവധി റെക്കോഡുകൾ ഈ വിപ്ലവ നായികയ്ക്ക് സ്വന്തമാണ്.

കെ ആർ ഗൗരിയമ്മയ്ക്ക് വ്യക്തി ജീവിതമെന്നത് രാഷ്ട്രീയജീവിതത്തിൽ നിന്നും വേറിട്ടതായിരുന്നില്ല . പ്രമുഖ കമ്യുണിസ്റ്റ് നേതാവ് ടി വി തോമസിനെയാണ് ഗൗരിയമ്മ വിവാഹം ചെയ്തത്. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.

സ്വന്തം ജീവിതം സഫലമാവുന്നത്, അന്യജീവന് ഉതകുമ്പോഴാണ്. ഇതു മാനദണ്ഡമാക്കിയാല്‍, ഇതുപോലെ സഫലമായ ജീവിതം മറ്റ് അധികം പേര്‍ക്കുമുണ്ടായിട്ടുണ്ടാവില്ല. അനീതികളോട് ഒരുകാലത്തും വിട്ടുവീഴ്ചയില്ലാത്ത കെ ആർ ഗൗരിയമ്മ എന്ന വിപ്ലവ നക്ഷത്രം ഇനിയും ജനമനസ്സിൽ ജീവിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News