കൊവിഡ് ബാധിച്ച് ബോധമറ്റ് അവശനിലയിലായ ബി ജെ പി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

കോവിഡ് രോഗിയായ പാലക്കാട് പെരുവെമ്പിലെ സജീവ ബി ജെ പി പ്രവര്‍ത്തകന്‍ ഇല്ലിയം കാട്ടില്‍ വിഭൂഷിന്റെ ജീവന്‍ രക്ഷിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാതൃകയായി.

ഉച്ചയ്ക്ക് 12 മണിക്ക് കുളിമുറിയില്‍ പോയ വിഭൂഷ് കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണ വിഭൂഷിനെക്കണ്ട് ഭാര്യയും മറ്റു കുടുംബാംഗങ്ങളും നിലവിളിച്ചെങ്കിലും ഓടിക്കൂടിയ നാട്ടുകാരാരും കൊവിഡ് ഭയം മൂലം വീട്ടിലേക്ക് പ്രവേശിച്ചില്ല. ഭാര്യ അജന അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകളെ വിളിച്ചെങ്കിലും ഒന്നും ലഭ്യമായില്ല. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവ് ഡി വൈ എഫ് ഐ പുതുശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും പെരുവെമ്പ് പഞ്ചായത്ത് അംഗവുമായ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ എം സുരേഷും സന്ദീപും തേജസും വാനുമായി വന്ന് വിഭൂഷിനെ ആശുപത്രിയിലെത്തിച്ചത്. ഡി വൈ എഫ് ഐ പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും പെരുവെമ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമാണ് എം സുരേഷ്. സന്ദീപ് ഡി വൈ എഫ് ഐ പെരുവെമ്പ് ഈസ്റ്റ് മേഖല സെക്രട്ടറിയും തേജസ് വെസ്റ്റ് മേഖല ട്രഷററുമാണ്.

വിഭൂഷ് അത്യാസന്ന നിലയിലായതിനാല്‍ സുരേഷിന് പി പി ഇ കിറ്റ് ധരിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറി. 10 ദിവസം മുന്‍പാണ് വിഭൂഷനും ഭാര്യ അജനയ്ക്കും കൊവിഡ് ബാധിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു അജന. രോഗിയായ വിഭൂഷ് ബി ജെ പി പ്രവര്‍ത്തകനാണ്.

ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച രോഗിക്ക് ബോധം തെളിഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News