ഗൗരിയമ്മയ്ക്ക് നിയമസഭാ സ്പീക്കറുടെ ആദരാഞ്ജലികള്‍

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

കേരള രാഷ്ട്രീയത്തില്‍ എനിക്ക് വ്യക്തിപരമായി ഏറെ സ്‌നേഹവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തിയാണ് ഗൗരിയമ്മ. അവരുടെ രാഷ്ട്രീയസ്ഥൈര്യവും സമരവീര്യവും പ്രതിബദ്ധതയുമൊക്കെ എക്കാലത്തും എനിക്ക് ആവേശവും പ്രചോദനവുമായിരുന്നു. ഗൗരിയമ്മയ്ക്ക് നൂറ് വയസ്സായ വര്‍ഷം, നിയമസഭയുടെ ചോദ്യോത്തരവേള കഴിഞ്ഞ സമയത്ത് ഞാന്‍ തന്നെയാണ് അക്കാര്യം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

കേരളത്തില്‍ മാറ്റത്തിന്റെ പാതയൊരുക്കാന്‍ കനല്‍വഴികള്‍ താണ്ടിയ ആ ധീരവനിതയ്ക്ക് അന്ന് കേരള നിയമസഭ ആദരമര്‍പ്പിക്കുമ്പോള്‍ സ്പീക്കറായിരിക്കാന്‍ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു. അവരോടു കൂടി ഒരു ചരിത്ര കാലഘട്ടം മറയുകയാണ്. വിപ്ലവത്തിന്റെ അഗ്‌നിമുഖത്ത് തളിര്‍ത്ത പൂമരമെന്ന വിശേഷണം ഗൗരിയമ്മയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നതാണ് എന്ന് എപ്പോഴും തോന്നാറുണ്ട്.

ഗൗരിയമ്മയുടെ ജീവിതം തന്നെ സമരമായിരുന്നു. നൂറ് വയസ്സ് പിന്നിട്ടിരിക്കുമ്പോഴും ആ സമരവീര്യം അവരുടെ വാക്കുകളിലുണ്ടായിരുന്നു. നിയമ ബിരുദം നേടിയ ആദ്യകാല സ്ത്രീകളില്‍ ഒരാള്‍… വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടും ജാതീയമായും ലിംഗപരമായുമുണ്ടായ വിവേചനങ്ങളെ നേരിട്ട പോരാളി… തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ പെണ്‍പെരുമയായി മാറിയ കമ്മ്യൂണിസ്റ്റുകാരി…

കേരള രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കെന്നും അവര്‍ പ്രചോദനവും മാതൃകയുമായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല, കേരള ജനതയ്ക്കാകെ അവരെന്നും അഭിമാനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News