കേരളത്തിൻ്റെ ചരിത്രം തൻ്റേതു കൂടിയാക്കിയ ഉരുക്കു വനിതയുടെ കണ്ണുകളിലെ നനവ് കണ്ട് മനസ്സു കരഞ്ഞ നിമിഷം

പുന്നപ്ര വയലാർ സമരനേതാവും സി പി എം നേതാവുമായിരുന്ന പി കെ ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് ഗൗരിയമ്മയെ ഓർമ്മിക്കുന്നത് ഇങ്ങനെ.”” മുഖ്യമന്ത്രി” പ്രശ്നത്തിൽ സംസ്ഥാന കമ്മറ്റിയിൽ നിന്നും പിണങ്ങിയിറങ്ങി വന്ന് ചാത്തനാട്ടെ കിടപ്പുമുറിയിൽ കയറി കതകടച്ച ഗൗരിയമ്മ…. ആരു വിളിച്ചിട്ടും തുറക്കാത്ത വാതിൽ, തുറപ്പിച്ച്, അനുനയിപ്പിച്ച് -ടി.വി. കൈകാര്യം ചെയ്ത വ്യവസായ വകുപ്പ് ആണ്, വരണം എന്നു സ്നേഹത്തോടെ നിർബന്ധിച്ച് ,തിരുവനന്തപ്പുരത്തേയ്ക്കു അച്ഛൻ കൂട്ടിക്കൊണ്ടുപോയത് അവരുതമ്മിലുള്ള സ്നേഹം എന്നെ ബോധ്യപ്പെടുത്തിയ അനുഭവമാണ്.

എല്ലാ ഓണത്തിനും ഏറ്റവും കുറഞ്ഞത് 5 സാരികളെങ്കിലും എൻ്റെ ഇഷ്ടാനുസരണം എനിക്കു വാങ്ങിത്തന്ന ഗൗരിയമ്മ.xanadu വിൽ കരയുന്ന ഇളയ മകനുറങ്ങുന്നതു വരെ (വെളുപ്പാൻ കാലം 4 മണി) എന്നോടൊപ്പം കൂട്ടിരുന്ന എൻ്റെ അമ്മ… മൂത്ത മകനെ ആദ്യാക്ഷരങ്ങൾ എഴുതിച്ചുതന്ന ഗൗരിയമ്മ… സ്വന്തമായി പായസവും, ചിക്കനും, മത്സ്യവും പാചകം ചെയ്ത് ഞങ്ങൾക്ക് വിവാഹ വിരുന്ന് നൽകി ഒരു ദിവസം മുഴുവൻ കൂടെ താമസിപ്പിച്ച ഗൗരിയമ്മ… ഓർമ്മകൾ ആർത്തിരമ്പുന്ന മഴപോലെ ചെയ്ത് പുഴയായ് ഒഴുകുകയാണ്‌…..”

പി കെ ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് എഴുതിയ ഹൃദയം തൊടും കുറിപ്പിന്റെ പൂർണ്ണ രൂപം

നന്ദൻകോട് ,അച്ഛൻ ദേവസ്വം ബോർഡ് മെമ്പറായി ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും അവധി ദിവസങ്ങളിൽ പരിചാരകനെ വിട്ട് കൊണ്ടുവന്ന എന്നെ എടുത്തു കൊണ്ടു നടന്ന ഗൗരിയമ്മ. എല്ലാവരും കുഞ്ഞമ്മയെന്നും ഞാൻ അമ്മയെന്നും വിളിച്ച എൻ്റെ സ്വന്തം ഗൗരിയമ്മ.

കേരളത്തിനു പുറത്തു നടന്ന എല്ലാ പാർട്ടി കോൺഗ്രസ്സുകളും കഴിഞ്ഞ് മടങ്ങി വരുമ്പോൾ ചന്ദ്രാനന്ദൻ്റെ കൈയ്യിൽ കൊടുത്തു വിടുമായിരുന്ന എനിക്കുള്ള സമ്മാനങ്ങൾ. മുത്തും ഗ്ലി ട്ടേഴ്സുമൊക്കെ വെച്ചുപിടിപ്പിച്ച വെൽവെറ്റ് പേഴ്സും, ഉടുപ്പുകളും, മുതിർന്നപ്പോൾ സാരികളും. ഊഷ്മളമായ മാതൃസ്നേഹത്തിൻ്റെ മരിക്കാത്ത സ്മരണകൾ.

തുലാം പത്തിന്, ദീപശിഖയോടൊപ്പം എത്തിച്ചേരുന്ന ഗൗരിയമ്മയുടെ പിറകെ കുന്നേൽ നടേശൻ ചേട്ടൻ്റെ വീട്ടിലും മുറ്റത്തും വിസ്മയം വിടർത്തിയ കണ്ണുകളുമായി നടന്ന നാളുകൾ. കാണാൻ വരുന്ന പാർട്ടി സഖാക്കളെ പേരു വിളിച്ച്, (അസാധ്യമായ ഓർമ്മശക്തി) വീട്ടിലെ ഓരോ അംഗങ്ങളെക്കുറിച്ച്, അവരുടെ ഇപ്പോഴത്തെ ജോലിയും, വിദ്യാഭ്യാസവും ,അവരു് മാതാപിതാക്കളെ സംരക്ഷിക്കുന്നതും ചോദിച്ചു മനസ്സിലാക്കുന്ന ഗൗരിയമ്മ.

ഗൗരവത്തിൻ്റെ മേമ്പൊടി ചാർത്തി ചോദിക്കുന്ന ചോദ്യങ്ങളിലൊക്കെ സ്നേഹവും. ആത്മാർത്ഥതയും …സത്യസന്ധതയും തെളിയിക്കുന്ന ആ പെരുമാറ്റ രീതികൾ എന്നുമെനിക്ക് അതിശയമായിരുന്നു. വ്യക്തി ശുചിത്വവും അപാരമായ ഡ്രസ് സെൻസും ഉണ്ടായിരുന്നു, അമ്മയ്ക്ക്.

SSLC പരീക്ഷയ്ക്ക് തിരുവല്ല ബാലികാമഠം സ്കൂളിലെ ബോർഡിംഗിലേക്ക് ഹോർലിക്സും വാങ്ങിത്തന്ന് ആശീർവ്വദിച്ച് എന്നെ കൊണ്ടുചെന്നുവിട്ട ഗൗരിയമ്മ.( അച്ഛനുമൊരുമിച്ച് മെഴുവേലിയ്ക്കു പോകവേ )എസ്.ആർ.പിമാമനും, കെ.കെ.കുമാരൻ മാമനും, വെൺപാല രാമചന്ദ്രൻ (എൻ്റെ അമ്മാവൻ ), അച്ഛൻ എന്നിവരോടൊത്ത് എനിക്കു വേണ്ടി വിവാഹാലോചനയുമായി, വിനോദിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ഗൗരിയമ്മ സുന്ദരിയായി ഒരുങ്ങി ഇറങ്ങാൻ താമസിച്ച കഥ പറഞ്ഞ് അമ്മയെ കളിയാക്കിയ കഥ കേൾക്കുമ്പോഴൊക്കെ എനിക്ക് അഭിമാനമായിരുന്നു, ഈ അമ്മയ്ക്ക് എന്നോടുള്ള സ്നേഹത്തിൽ.

” ഗൗരിയമ്മ BL ന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ പാസ്സായ വക്കീൽ… ഏറ്റവും കൂടുതൽ പി കെ സി യുടെയടുത്ത് വാദിച്ചു നടത്തിത്തന്ന ഒരു വിവാഹമായിരുന്നു എൻ്റെത്.മകനെപ്പോലെയായിരുന്നു ഗൗരിയമ്മയ്ക്ക് വിനോദ്.

വിവാഹത്തിന് അഞ്ചുനാൾ മുൻപ് അച്ഛൻ അതിരാവിലെ എന്നെ വിളിച്ചുണർത്തി ഒരു സാരി തന്ന്, ടാക്സി 10 മണിക്കു വരും, ഗൗരിയമ്മയെക്കണ്ട് അനുഗ്രഹം വാങ്ങിവരണം എന്നു പറഞ്ഞു.ദക്ഷിണ കൊടുത്ത് കാൽ തൊട്ടു വന്ദിച്ച എന്നെ കെട്ടിപ്പിടിച്ച്, ഉമ്മ തന്നു് ഉപദേശിച്ചത് ഇന്നും എൻ്റെ കണ്ണീരോർമ്മയാണ്. ചുവരിലുള്ള വിവാഹ ഫോട്ടോയിലേയ്ക്കു നോക്കി “വിവാഹ ജീവിതം ഒരു വലിയ അഡ്ജസ്റ്റു മെൻ്റാണ്.അതു നീ ചെയ്യണം’. അതാണ് എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചത്. തിരിഞ്ഞു നോക്കുമ്പോൾ പലതും കണ്ടില്ല, കേട്ടില്ല എന്നു നടിക്കേണ്ടതായിരുന്നു എന്ന് എനിക്കു തോന്നാറുണ്ട് ” കേരളത്തിൻ്റെ ചരിത്രം തൻ്റേതു കൂടിയാക്കിയ ഉരുക്കു വനിതയുടെ കണ്ണുകളിലെ നനവ് കണ്ട് മനസ്സു കരഞ്ഞ നിമിഷം.


ആലപ്പുഴ കാർമ്മൽ ഓഡിറ്റോറിയത്തിൽ നടന്ന ,സംസ്ഥാന നേതാക്കൾ എല്ലാവരും പങ്കെടുത്ത എൻ്റെ വിവാഹത്തിന് ,കാരണവ സ്ഥാനത്ത് ഗൗരിയമ്മയായിരുന്നു.എൻ്റെ കൂട്ടുകാരി രാജി ഗോപാലകൃഷ്ണൻ (സർവ്വകലാപ്രതിഭ- കെ.എസ്.ചിത്രയുടെ നാത്തൂൻ) എന്നെ കല്ല്യാണപ്പെണ്ണായി ഒരുക്കുമ്പോൾ അവിടെ വന്ന് “നീ ഒരു ചെറിയ കഴുത്തു വട്ടവും കൂടി ഇട്ടു കൊള്ളൂ, ഞാൻ പറയാം ചന്ദ്രാനന്ദനോട് ( സംസ്ഥാന കമ്മറ്റി തീരുമാനിച്ച ഒരു മാലയും, 5 വളകളും ആയിരുന്നു, എൻ്റെ ആഭരണം.) എന്നു പറഞ്ഞ ഗൗരിയമ്മയുടെ വാത്സല്യം.

അന്ന് Mc Dowell MD ( ഇന്ന് UB – Diageo-USL) ശ്രീ. N. J .Menon സാറിനോട് മേനോനെ, തൻ്റെ അനന്തിരവനെ ഞാൻ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിനെടുക്കുകയാണ്. അവൻ പട്ടിണി കിടക്കേണ്ട എങ്കിൽ അവൻ്റെ ഭാര്യക്ക് ജോലി കൊടുക്കണം എന്ന് ആവശ്യപ്പെട്ട അമ്മ, എനിക്ക് ഒരു ജീവിതമാർഗ്ഗവും ഉണ്ടാക്കിത്തന്നു.

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഗൗരിയമ്മയ്ക്ക് വോട്ടു ചെയ്തതാണ് എൻ്റെ കന്നിവോട്ട്. (എൻ്റെ ആ തീരുമാനം അച്ഛനെതിരെ പലരും ആയുധമാക്കിയ കഥ വേറെ).രാഷ്ട്രീയ കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ ആ ചുവന്ന നക്ഷത്രത്തിന്, പ്രതിഭയ്ക്ക്, വനിതാരത്നത്തിന്, അതുല്യയായ മന്ത്രിക്ക് – ആദ്യത്തെ വോട്ട് വിനിയോഗിച്ചത് എനിക്കെന്നും ആത്മാഭിമാനമുള്ള ഓർമ്മയാണ്.അതും ഒരു സ്ത്രീ എന്ന നിലയിൽ.വ്യക്തിപരമായി പറഞ്ഞറിയിക്കാനാവാത്തത്ര അടുപ്പം വെച്ചു പുലർത്തിയിരുന്നു ഗൗരിയമ്മയും അച്ഛനും തമ്മിൽ.

” മുഖ്യമന്ത്രി” പ്രശ്നത്തിൽ സംസ്ഥാന കമ്മറ്റിയിൽ നിന്നും പിണങ്ങിയിറങ്ങി വന്ന് ചാത്തനാട്ടെ കിടപ്പുമുറിയിൽ കയറി കതകടച്ച ഗൗരിയമ്മ…. ആരു വിളിച്ചിട്ടും തുറക്കാത്ത വാതിൽ, തുറപ്പിച്ച്, അനുനയിപ്പിച്ച് -ടി.വി. കൈകാര്യം ചെയ്ത വ്യവസായ വകുപ്പ് ആണ്, വരണം എന്നു സ്നേഹത്തോടെ നിർബന്ധിച്ച് ,തിരുവനന്തപ്പുരത്തേയ്ക്കു അച്ഛൻ കൂട്ടിക്കൊണ്ടുപോയത് അവരുതമ്മിലുള്ള സ്നേഹം എന്നെ ബോധ്യപ്പെടുത്തിയ അനുഭവമാണ്.

എല്ലാ ഓണത്തിനും ഏറ്റവും കുറഞ്ഞത് 5 സാരികളെങ്കിലും എൻ്റെ ഇഷ്ടാനുസരണം എനിക്കു വാങ്ങിത്തന്ന ഗൗരിയമ്മ.xanadu വിൽ കരയുന്ന ഇളയ മകനുറങ്ങുന്നതു വരെ (വെളുപ്പാൻ കാലം 4 മണി) എന്നോടൊപ്പം കൂട്ടിരുന്ന എൻ്റെ അമ്മ… മൂത്ത മകനെ ആദ്യാക്ഷരങ്ങൾ എഴുതിച്ചുതന്ന ഗൗരിയമ്മ… സ്വന്തമായി പായസവും, ചിക്കനും, മത്സ്യവും പാചകം ചെയ്ത് ഞങ്ങൾക്ക് വിവാഹ വിരുന്ന് നൽകി ഒരു ദിവസം മുഴുവൻ കൂടെ താമസിപ്പിച്ച ഗൗരിയമ്മ… ഓർമ്മകൾ ആർത്തിരമ്പുന്ന മഴപോലെ ചെയ്ത് പുഴയായ് ഒഴുകുകയാണ്‌…..
എന്നുമെൻ്റെ ജീവിതത്തിൽ ഞാനേറ്റവും അധികം ആരാധിക്കുകയും, ആദരിക്കുകയും സ്നേഹിക്കുകയും ചെയ്ത കേരളത്തിൻ്റെ ഇതിഹാസ നായിക… അഗ്നിപുത്രി…. അമ്മ മനസ്സ് ഇന്ന് മൺമറഞ്ഞു. ഇനിയും ബാക്കിയായത് കനൽവഴികളിലൂടെ തളരാതെ നടന്ന ആ വീരാംഗനയുടെ ഓർമ്മകളും കണ്ണീരും മാത്രം…
അമ്മേ യാത്രാമൊഴി’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here