കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടം: സിപിഐഎം

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചനം അറിയിച്ചു.

‘സ. കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടമാണ്‌. കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്‍ക്കൊപ്പം സ്ഥാനമുള്ള വനിതാ നേതാവാണ്‌ കെ ആര്‍ ഗൗരിയമ്മ.

കടുത്ത പോലീസ്‌ പീഢനങ്ങളും ജയില്‍ വാസവും അവര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി നേതൃത്വത്തില്‍ 1957 ല്‍ അധികാരത്തിലെത്തിയ മന്ത്രിസഭയിലെ റവന്യു മന്ത്രി എന്ന നിലയില്‍ കേരളത്തിലെ കാര്‍ഷിക പരിഷ്‌കരണ നിയമത്തിന്‌ തുടക്കം കുറിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

ദീര്‍ഘകാലം നിയമസഭാംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിത കൂടിയാണ്‌. ആ നിലയില്‍ തന്നെ ഏല്‍പ്പിച്ച പ്രവര്‍ത്തനങ്ങളില്‍ മികവ്‌ പുലര്‍ത്താന്‍ ഗൗരിയമ്മയ്‌ക്കായി.
ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ്‌ കെ ആര്‍ ഗൗരിയമ്മ ഉയര്‍ത്തിപ്പിടിച്ചത്‌. പാവപ്പെട്ടവരോട്‌ അവര്‍ നിറഞ്ഞ പ്രതിബന്ധത പുലര്‍ത്തി. കെ ആര്‍ ഗൗരിയമ്മയുടെ ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here