വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രം; ഗൗരിയമ്മയുടെ നിര്യാണത്തിൽ എ വിജയരാഘവൻ അനുശോചിച്ചു

കേരളത്തിന്റെ സമരനായിക കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തിൽ എ വിജയരാഘവൻ അനുശോചനം രേഖപ്പെടുത്തി

‘ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളെയാണ് സ. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. കേരളത്തിന്റെ രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിൽ വിപ്ലവാത്മകമായ ചിന്തകൾക്കും ഇടപെടലുകൾക്കും തുടക്കമിട്ട നേതാക്കളിൽ ഒരാളാണ് ഗൗരിയമ്മ. വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസ തുല്യമായ സാന്നിധ്യവുമായിരുന്നു സഖാവ്.

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതു സഖാവ് പി കൃഷ്ണപിള്ളയാണ്. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.

കേരളത്തിന്റെ ചരിത്ര മുന്നേറ്റങ്ങൾക്ക് കാരണമായ നിയമ നിർമാണങ്ങൾക്ക് ചാലക ശക്തിയായ നേതാവാണ് ഗൗരിയമ്മ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും വന്ന ഗൗരിയമ്മയില്ലാതെ ആധുനിക കേരളത്തിന്റെ ചരിത്രം അപൂർണമായിരിക്കും. 1957 ലെ ആദ്യ ഇ എം എസ് സർക്കാരിലെ റവന്യു മന്ത്രിയായിരുന്ന ഗൗരിയമ്മ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുന്ന നിയമവും ഭൂപരിഷകരണ നിയമവും അടക്കമുള്ള വിപ്ലവകരമായ നിയമനിർമാണങ്ങൾക്ക് നേതൃത്വം നൽകി. അഴിമതി നിരോധന നിയമം, വനിതാ കമീഷൻ നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങളും ഗൗരിയമ്മ മന്ത്രി ആയിരിക്കെ പാസാക്കിയവയാണ്.

സ്ത്രീകൾ പൊതുരംഗത്ത് കടന്നു വരാൻ മടിച്ച കാലത്തു എല്ലാ വിവേചനങ്ങളെയും കൊടിയ പീഡനങ്ങളെയും അതിജീവിച്ചു കൊണ്ടാണ് പൊതുരംഗത്തു വന്നത്. ക്രൂരമായ പോലീസ് അതിക്രമങ്ങൾക്ക് ഇരയായ ഗൗരിയമ്മ നിശ്ചയ ദാർഢ്യത്തിന്റെയും ഇഛാശക്തിയുടെയും മറുപേരായിരുന്നു. അശരണരായ മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തന പന്ഥാവായാണ് പൊതുപ്രവർത്തനത്തെ അവർ തെരഞ്ഞെടുത്തത്. ഒരു ജീവിതകാലം മുഴുവൻ നാടിനും ജനങ്ങൾക്കുമായി ആവിശ്രമം പ്രവർത്തിച്ച, ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രമാണ് ഗൗരിയമ്മ.

സ. ഗൗരിയമ്മയുടെ വിയോഗത്തിൽ വേദനയും ദുഖവും അനുഭവിക്കുന്ന എല്ലാവരോടും ചേർന്നുനിൽക്കുന്നു. യുഗപ്രഭാവയായ പോരാളിക്ക് ആദരാഞ്ജലി.അന്ത്യാഭിവാദ്യങ്ങൾ പ്രിയസഖാവേ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News