‘നിഴൽ’ ഇന്നുമുതൽ ആമസോൺ പ്രൈമില്‍ കാണാം 

നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളില്‍ എത്തിയ ‘നിഴല്‍’ ഇന്ന് മുതല്‍ ഓ ടി ടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ കാണാം. ഫിലിം എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി സംവിധാനത്തിലേക്ക് ആദ്യമായി ചുവട് വക്കുന്ന ചിത്രം കൂടിയാണ് ‘നിഴല്‍.’ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ. ഏപ്രില്‍ 9നു തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ‘മിക്സഡ്‌ റിവ്യൂ’കളാണ് ലഭിച്ചത്.

അപ്പു ഭട്ടതിരിയുടെ പേര് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷമായി. ഒട്ടേറെ മികച്ച സിനിമകളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച ഈ ചെറുപ്പക്കാരനു മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ നവഭാവുകത്വത്തിനു ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രം, മലയാളത്തില്‍ അധികം കാണാത്ത, തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അഭിനയിക്കുന്ന ചിത്രം – ‘നിഴലിനെ’ ശ്രദ്ധേയമാക്കുന്ന കാര്യങ്ങള്‍ ഏറെയാണ്.

കോവിഡ്‌ മഹാമാരി മൂലം അടഞ്ഞ കിടന്ന തിയേറ്ററുകള്‍ ഇപ്പോള്‍ വിഷു ചിത്രങ്ങള്‍ ആഘോഷിക്കുകയാണു. അതില്‍ തന്നെ വ്യത്യസ്ത തരത്തിലുള്ള ത്രില്ലറുകള്‍ പ്രദര്‍ശനത്തിനെത്തി എന്നതും എടുത്തു പറയേണ്ടതാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളുടെ സവിശേഷതകള്‍ കൊണ്ടും അഭിനേതാക്കളുടെ തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടും വിഷു റിലീസ് ചിത്രങ്ങള്‍ ഒന്നിനോടൊന്നു മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലര്‍ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രം എന്നിങ്ങനെ ‘നിഴല്‍’ മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തകള്‍ പലതുണ്ട്.

നിധി എന്ന കുട്ടി പറയുന്ന ഒരു കഥയില്‍ നിന്നും, അവനെ ചുറ്റി നില്‍ക്കുന്ന നിഗൂഢമായ ഒന്ന് ജോണ്‍ ബേബി എന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റിലേക്ക് (കുഞ്ചാക്കോ ബോബന്‍) എത്തുകയും, അയാള്‍ തന്‍റെ ജിജ്ഞാസ കൊണ്ടാകണം അതിന്മേല്‍ ഒരന്വേഷണം നടത്തുകയും ചെയ്യുന്നു. ഷര്‍മിള (നയന്‍‌താര) ആദ്യം തന്‍റെ കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും പിന്നീട് ജോണ്‍ ബേബിയോട് സഹകരിക്കുകയും ചെയ്യുന്നു. ഒരു മുങ്ങി മരണത്തിന്റെ സാധ്യതകളിലേക്കാണ് നിധിയുടെ കഥ വിരല്‍ ചൂണ്ടുന്നത്. സാഹചര്യങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ആ അന്വേഷണം ത്രില്ലിംഗ് ആയ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഥയില്‍ കുട്ടി പറയുന്ന സൂചനക്ക് അനുസരിച്ച്‌ പുറപ്പെട്ടു പോകുന്ന ജോണ്‍ അതിലെ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിമുട്ടുന്നുണ്ട്. മാനസികമായി ജോണിനും നിധിക്കും ഇടയില്‍ സംഭവിക്കുന്ന ഏതോ നിഗൂഢ പ്രേരണയുടെ ഫലമായി അവരുടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്നിലേക്ക് എന്ന തോന്നല്‍ ഉണ്ടാകുന്നു.

ഹോളിവുഡ് സിനിമകള്‍ പരീക്ഷിച്ചു കഴിഞ്ഞ ഒരു തീമായി പറയാമെങ്കിലും മലയാളത്തില്‍ ഒരുപക്ഷേ ആദ്യമായാണ് ‘നിഴലി’ലെ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ ഗൗരവ സ്വഭാവം നല്കാന്‍ നയന്‍താര ശ്രമിക്കുമ്ബോള്‍ അതൊരു സാധാരണ അഭിനയം മാത്രമായി തോന്നുന്നില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ തന്‍റെ സാധാരണ അഭിനയമികവിനും അപ്പുറം മജിസ്‌ട്രേറ്റ് വേഷത്തില്‍ പ്രത്യേകിച്ചൊരു അസാധ്യമായ കഴിവ് പുറത്തെടുത്തു എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും പ്രേക്ഷകനെ കയ്യിലെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബാലതാരമായി അഭിനയിക്കുന്ന കുട്ടിയും കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ അഭിനയം കാഴ്ചവെക്കുന്നുണ്ട്. നോട്ടത്തിലും സംഭാഷണത്തിലും ആ പ്രത്യേകത വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.

എസ് സജീവാണ് ‘നിഴലി’ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്തുന്ന തിരക്കഥ, തങ്ങളെ പിന്തുടരുന്ന ഒരു നിഗൂഢതയ്ക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ പിന്തുടരുന്നു. പ്രേക്ഷകനെ ഒരു വിധത്തിലും വിരസമാക്കാതെ അവസാനത്തെ സീന്‍ വരെ പിടിച്ചിരുത്താന്‍ പോന്ന ദൗത്യം സംവിധായകന്‍ യഥാവിധി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്റര്‍വെല്ലിന് ശേഷം കഥാഗതിക്ക് കാര്യമായ മാറ്റമുണ്ടാകുന്നുണ്ട്. ആദ്യ പകുതി കുട്ടി പറയുന്ന കഥയെ കേന്ദ്രീകരിച്ചിട്ടുള്ള പ്രാഥമിക അന്വേഷണമാണെങ്കില്‍ രണ്ടാം പകുതി അതീന്ദ്രിയ അനുഭവങ്ങളുടെ സ്വഭാവത്തിലൂടെ കടന്നു പോകുന്നു. തിരക്കഥാകൃത്തും അണികളും ഒരുപാട് പുസ്തകങ്ങള്‍ ഇതിനു വേണ്ടി റഫര്‍ ചെയ്തിട്ടുണ്ട് എന്ന് തീര്‍ച്ചയാണ്. അതീന്ദ്രീയമായ ഇത്തരം തോന്നലുകള്‍ അധികരിച്ചു കൊണ്ടുള്ള ഒട്ടേറെ പുസ്തകങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കേരളത്തില്‍ നടന്ന ചില കൊലപാതകങ്ങളുടെ കേസ് അന്വേഷണത്തില്‍ പങ്കെടുത്ത പോലീസ് ഓഫീസര്‍മാരുടെ ഓര്‍മ്മക്കുറിപ്പുകളിലും പ്രസ്തുത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥക്ക് അവലംബം ഇത്തരം കാര്യങ്ങള്‍ കൂടിയുണ്ട് എന്ന് അനുമാനിക്കാം.

മരണവും പുനര്‍ജന്മവും അധികാരികമാക്കിയ നിരവധി സിനിമകളും വന്നിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 1989 ല്‍ പുറത്തിറങ്ങിയാ ‘Manika, une vie plus tard’ എന്ന ചലച്ചിത്രമാണ്. ഇന്ത്യന്‍ കോടതികളില്‍ ഇതിനെ ആധാരമാക്കി കേസുകള്‍ നടന്നിട്ടുള്ളതായും രേഖകളുണ്ട്.

കുട്ടി പറയുന്ന സ്ഥലങ്ങളുടെ സൂചന അനുസരിച്ച്‌ കഥ പറയുന്നത്, ശാന്തി ദേവി എന്ന പുനര്‍ജന്മമാണ് താന്‍ എന്നു വിശ്വസിച്ചിരുന്ന, ഇന്ത്യയില്‍ ജീവിച്ചിരുന്ന സ്ത്രീയുടെ കഥയുമായി ബന്ധപ്പെടുത്താം. പക്ഷേ ഇതെല്ലാം താന്‍ കേള്‍ക്കുന്ന കഥകള്‍ക്ക് അനുസരിച്ച്‌ മനസ്സ് രൂപപ്പെടുത്തുന്നവയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ‘മണിച്ചിത്രത്താഴ്’ സിനിമയിലെ നാഗവല്ലി സ്വഭാവം തന്നെ, സംവിധായകന്‍ ഉദ്ദേശിച്ചിട്ടില്ല എങ്കിലും.

‘നിഴലി’നെ ശ്രദ്ധേയമാക്കുന്നത് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ്. പെട്ടെന്ന് ഞെട്ടിക്കാന്‍ പോകുന്ന ഫീല്‍ പലപ്പോഴും അതു തരുന്നുണ്ട്.

ഒരു കൊമേഴ്‌സ്യല്‍ ത്രില്ലറിനെ അക്കാദമികമായി വിലയിരുത്തേണ്ട കാര്യമില്ല എങ്കിലും അതിനുള്ള സാധ്യതകള്‍ കാണാതിരിക്കാനാവില്ല. എല്ലാ കഥകളുടെയും ‘ഇന്‍സ്പിരേഷന്‍,’ കാതലുള്ള ചില വിഷയങ്ങളില്‍ നിന്നാണല്ലോ.

മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് പെരുമ്ബാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍.

ആന്റോ ജോസഫ് ഫിലിം കമ്ബനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here