ദേഷ്യമാണ് സ്നേഹം; ശാസനയാണ് തലോടൽ; ഇത്രയും നീണ്ട കാലം ഒരു അമ്മമ്മ വീടു വിട്ടു നിൽക്കുമെന്ന് കരുതിയില്ല; ബിജു മുത്തത്തിയുടെ ഓർമ്മക്കുറിപ്പ്

മുമ്പ് ഗൗരിയമ്മയുടെ വീട്ടില്‍പോയപ്പോള്‍ തനിക്കും ക്യാമറാമാനുമുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ബിജു മുത്തത്തി. തന്റെഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം വിവരിക്കുന്നത്.

കലി വന്നാല്‍ അവള്‍ ഭദ്രകാളിയെന്ന ചുള്ളിക്കാടിന്റെ കവിതയോര്‍ത്ത് ഞങ്ങള്‍ പുറത്തിറങ്ങി ഗെയ്റ്റിനടുത്ത് പമ്മി നിന്നു. സമയം കുറേ കഴിഞ്ഞു. ആലപ്പുഴയിലെ ചില സ്ത്രീ തൊഴിലാളികള്‍ എന്തോ പരാതിയുമായി വന്ന് പ്രതീക്ഷയോടെ മടങ്ങിപ്പോയി. ഗൗരിയമ്മ ഞങ്ങളെ വിളിച്ചു. മുന്‍ കോപത്തിന് ഒരു മാറ്റവുമില്ല.

‘എന്തെങ്കിലും കഴിച്ചിട്ടാണോ നിങ്ങളൊക്കെ വന്നത്. ഇല്ലെങ്കില്‍ വാ. കഴിക്കാം..” ഞങ്ങളുടെ പതുക്കെയുള്ള ചലനം കണ്ട് ഗൗരിയമ്മ ശബ്ദം ഉച്ചത്തിലാക്കി. ”നിങ്ങളോടല്ലേ വരാന്‍ പറഞ്ഞത്!”… ഇങ്ങനെപോകുന്നു അദ്ദേഹത്തിന്റെ കുറിപ്പ്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഗൗരിയമ്മയുടെ വീട്

🌹
ആലപ്പുഴയിലെ ഗൗരിയമ്മയുടെ വീട്ടില് ഒരു തവണയേ പോയിട്ടുള്ളൂ. ഗൗരിയമ്മയോടുള്ള സ്നേഹത്തിന്റെ അധികാരത്തില് ഞങ്ങള് വാഹനം അകത്തേക്ക് കയറ്റി. മുറ്റത്തെ വലിയ മാവ് പൂത്ത് കിടക്കുന്നു. അതില് കിളികളും അണ്ണാനും ചിലക്കുന്നു. ഞങ്ങള് വണ്ടി ആ തണലിനകത്തേക്ക് ചേര്ത്തുവച്ചു. ജനലിനുള്ളിലൂടെ നോക്കി ഗൗരിയമ്മ ആളെ തിരിച്ചറിഞ്ഞു. ഞങ്ങളെയല്ല, കൂടെയുണ്ടായിരുന്ന ആലപ്പുഴ റിപ്പോര്ട്ടര് ഷാജഹാനെ.
ഷാജഹാന് എന്തിനും ഏതിനും ഞങ്ങള്ക്ക് ആലപ്പുഴയിലെ ഒരു മുഗള് ചക്രവര്ത്തിയാണ്. ”ഷാജിയാണ് കുഞ്ഞമ്മേ” എന്ന് വിളിച്ച് ഷാജഹാന് സംസാരം തുടങ്ങി. എന്തോ ഞങ്ങളുടെ മട്ടും ഭാവവും ഷാജിയുടെ കുഞ്ഞമ്മയ്ക്ക് പിടിച്ചില്ല. എത്തിയ ഉടനെ വീടിന്റെ അകവും പുറവുമെല്ലാം ഞങ്ങള് ചിത്രീകരിക്കാന് തുടങ്ങിയിരുന്നു. ”ആരോട് ചോദിച്ച് വണ്ടി കയറ്റി നിങ്ങള്, പുറത്ത്, പുറത്ത്, ഇവിടെ ഒന്നും എടുക്കേണ്ട, ഇറങ്ങിക്കോ പുറത്തേക്ക്!”
കലി വന്നാല് അവള് ഭദ്രകാളിയെന്ന ചുള്ളിക്കാടിന്റെ കവിതയോര്ത്ത് ഞങ്ങള് പുറത്തിറങ്ങി ഗെയ്റ്റിനടുത്ത് പമ്മി നിന്നു. സമയം കുറേ കഴിഞ്ഞു. ആലപ്പുഴയിലെ ചില സ്ത്രീ തൊഴിലാളികള് എന്തോ പരാതിയുമായി വന്ന് പ്രതീക്ഷയോടെ മടങ്ങിപ്പോയി. ഗൗരിയമ്മ ഞങ്ങളെ വിളിച്ചു. മുന് കോപത്തിന് ഒരു മാറ്റവുമില്ല.
“എന്തെങ്കിലും കഴിച്ചിട്ടാണോ നിങ്ങളൊക്കെ വന്നത്. ഇല്ലെങ്കില് വാ. കഴിക്കാം..” ഞങ്ങളുടെ പതുക്കെയുള്ള ചലനം കണ്ട് ഗൗരിയമ്മ ശബ്ദം ഉച്ചത്തിലാക്കി. ”നിങ്ങളോടല്ലേ വരാന് പറഞ്ഞത്!”
നേരത്തേ ദേഷ്യത്തില് പുറത്തേക്ക് പോകാന് പറഞ്ഞു. ഇപ്പോള് അതേ ദേഷ്യത്തോടെ അകത്തേക്ക് വിളിക്കുന്നു. ദേഷ്യമാണ് ഗൗരിയമ്മയുടെ സ്നേഹം. ശാസനയാണ് തലോടല്. അകത്ത് ചുമരില് പല ഭാവങ്ങളിലുളള ഗൗരിയമ്മയുടെ യൗവ്വനകാല ചിത്രങ്ങളിലേക്ക് ഞങ്ങള് ക്യാമറ സൂം ചെയ്തു. ടിവി തോമസും ഗൗരിയമ്മയും ചേര്ന്നു നില്ക്കുന്ന വളരെ പഴയ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ.
“വേണ്ട, അതൊന്നും എടുക്കേണ്ട.” വന്നു അപ്പോൾ തന്നെ കുഞ്ഞമ്മയുടെ കല്പ്പന. പറയുന്നത് അനുസരിച്ചാല് മതി. പിന്നീട് അവര് എന്തും അനുവദിക്കുമെന്ന് ഞങ്ങള് മനസ്സിലാക്കി. പറയുന്നത് പറയുമ്പോള് സമ്മതിച്ചു കൊടുത്താലും മതി. അനുസരിക്കണമെന്നു പോലും നിര്ബന്ധമില്ല. ടിവിയുടെ ഫോട്ടോ എടുക്കേണ്ടെന്ന് പറഞ്ഞ സ്ത്രീ പിന്നീട് പറയുന്നതെല്ലാം ടിവിയോടുള്ള സ്നേഹത്തിന്റെ കഥകള്. എന്തൊരു വൈരുദ്ധ്യം! അതാണ് ഗൗരിയമ്മ. അത്രയേയുള്ളൂ ഗൗരിയമ്മ. നമുക്കാണ് അവരെ മനസ്സിലാകാതിരുന്നത്. നമ്മളെയായിരുന്നു ആ പാര്ട്ടിയില് നിന്നും പുറത്താക്കേണ്ടിയിരുന്നത്.
നാട്ടിലെ ഞങ്ങളുടെ പഴയ തറവാട്ടില് അച്ചാച്ചനുമായി (മുത്തച്ഛന്) അമ്മമ്മ എന്തെങ്കിലും ചെറിയ കാര്യത്തിനുപോലും കലമ്പല് കൂടി പിണങ്ങി പോവുന്നത് ഞങ്ങള് കുട്ടികള്ക്ക് സ്ഥിരം കാഴ്ചയാണ്. ഞങ്ങള് ആരും തിരികെ വിളിക്കാന് പോവില്ല. അടുത്തു തന്നെയുള്ള ബന്ധു വീടുകളില് എവിടെയെങ്കിലും പോയി നിന്ന് വൈകുമ്പോള് തിരിച്ചു വരും. ഞങ്ങള് അമ്മമ്മ കാണാതെ അപ്പോൾ അടക്കിച്ചിരിക്കും. എന്നാല് ഇത്രയും നീണ്ട കാലം ഒരു അമ്മമ്മ വീട് വിട്ടുപോയി മാറി നില്ക്കുമെന്ന് ഞങ്ങള് കരുതിയില്ല. അമ്മ വരുമെന്ന് കരുതി ഞങ്ങള് വിളിക്കാനും പോയില്ല. അത്രയേ സംഭവിച്ചുള്ളൂ. അത് ഇപ്പോൾ ഞങ്ങള്ക്ക് കെ ആർ ഗൗരിയമ്മയാണെന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News