സഖാവിൻ്റെ രണധീരമായ ഓർമ്മകൾക്ക് മുമ്പിൽ അന്ത്യാഭിവാദ്യങ്ങൾ അര്‍പ്പിച്ച്‌ ജി സുധാകരൻ

മാതൃസ്‌നേഹത്തിന് സമാനമായി എന്നും വാത്സല്യവും കരുതലും നല്‍കി അനുഗ്രഹിച്ച സ: കെ ആര്‍ ഗൗരിയമ്മയുടെ ദേഹവിയോഗത്തിലൂടെ കേരളീയ രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് അന്ത്യം സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍.

ഇന്ന് വിപ്ലവം നക്ഷത്രം സഖാവ് കെ.ആര്‍.ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ ഒരു അധ്യായമാണ് അവസാനിച്ചത്.

സഖാവിന്റെ രണധീരമായ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അന്തരിച്ച ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാതൃസ്നേഹത്തിന് സമാനമായി എന്നും വാത്സല്യവും കരുതലും നൽകി അനുഗ്രഹിച്ച സ: കെ ആർ ഗൗരിയമ്മയുടെ ദേഹവിയോഗത്തിലൂടെ കേരളീയ രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
1970 ൽ ഗൗരിയമ്മയെ വി.എസ് നോടൊപ്പം എം.എൽ.എ ക്വാർട്ടേഴ്സിൽ ആദ്യമായി കാണുമ്പോൾ രണ്ട് നക്ഷത്രങ്ങളെ നേരിട്ട് കാണുന്ന പ്രതീതിയായിരുന്നു.
വി.എസ്സാണ് എന്നെ ഗൗരിയമ്മയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്ന് എസ്.എഫ്.ഐ യുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് മുതൽ ഗൗരിയമ്മയുമായുള്ള വ്യക്തി ബന്ധം ശക്തമായി തുടർന്നിരുന്നു.
1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിചതിൻ്റെ ഏഴാം ദിവസം ബേബിയും, വിജയകുമാറും സഹിതം 23 എസ്.എഫ്.ഐ ഭാരവാഹികൾ സെക്രട്ടറിയറ്റിന് മുന്നിലൂടെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി, അറസ്റ്റും മർദനവും കഴിഞ്ഞ് രാജ്യരക്ഷാ ചട്ടപ്രകാരം കുറ്റം ചുമത്തി സബ്ജയിലിലും പൂജപ്പുര സെൻട്രൽ ജയിലിലുമായി അടക്കപ്പെട്ടു.
എ.കെ.ജി യുടെ സഹായത്തോടെ വർക്കല രാധാകൃഷ്ണൻ വഴി ഹൈക്കോടതിയിൽ കേസുകൊടുത്ത് ശിക്ഷ കുറച്ച് ഞങ്ങൾ സ്വതന്ത്രരായി. തുടർന്ന് വിദ്യാർത്ഥി രംഗത്ത് നിന്ന് ആലപ്പുഴയിലെ പാർട്ടി രംഗത്തേക്ക് പ്രവർത്തനം മാറി.
1971 ൽ കൊല്ലത്ത് ഒമ്പതാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി എനിക്ക് ജില്ലാ കമ്മറ്റി അംഗത്വം ലഭിച്ചിരുന്നു. അന്ന് കേരളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ കമ്മറ്റി അംഗമായിരുന്നു. ഈ സ്ഥാനവും പിന്നീട് ആലപ്പുഴയിലേക്ക് മാറ്റിത്തന്നു.
ഗൗരിയമ്മയും പി.കെ.കുഞ്ഞച്ചനും, സി.ബി.സി വാര്യരും, പി.കെ.സിയും ഒക്കെ അംഗമായിരുന്ന 19 അംഗ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ചേർക്കപ്പെട്ടു. ആലപ്പുഴയിലേക്ക് കൊണ്ടുവരാൻ ഗൗരിയമ്മയെടുത്ത വ്യക്തിപരമായ താൽപര്യം എന്നെ അഗാധമായി സ്പർശിച്ചു..
സ്നേഹവാത്സല്യങ്ങളോടെയാണ് ഗൗരിയമ്മ എന്നും പെരുമാറിയിട്ടുള്ളത്. പല സായന്തനങ്ങളിലും ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിൽ പോകുകയും ദീർഘനേരം അടിയന്തരാവസ്ഥ നാളുകളിൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
എന്റെ വിവാഹം നടത്താൻ മുന്നിട്ടുനിന്നത് ഗൗരിയമ്മയായിരുന്നു. വി.എസ്സും, എസ്.ആർ.പിയും, പി.കെ.സിയും ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന വി.കെ.സോമനും അതിന് പശ്ചാത്തല സൗകര്യം ഒരുക്കി. വി.എസ് ആയിരുന്നു കാർമികൻ. അന്നും എന്നും ഗൗരിയമ്മയ്ക്ക് മാതൃസഹജമായ വാത്സല്യമാണ്.
ഏറ്റവും ഇളയ അനുജൻ പന്തളം കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജി.ഭുവനേശ്വരൻ രക്തസാക്ഷിയായ 1977 ഡിസംബർ 7 ന് താമരക്കുളത്തെ വസതിയിൽ വരികയും അമ്മയെ ആശ്വസിപ്പിക്കാൻ തുടർദിവസങ്ങളിലും വന്ന കെ.ആർ.ഗൗരിയമ്മയുടെ ആർദ്രമായ രൂപം ഇന്നും മനസിൽ തെളിഞ്ഞുനിൽക്കുന്നു.
ഗൗരിയമ്മയുടെ സ്നേഹവാത്സല്യങ്ങൾ എന്നും ഒപ്പം ഉണ്ടായിട്ടുണ്ട്. ഭരണരംഗത്ത് ഗൗരിയമ്മയെ ഒരു മാതൃകയായി ഞാൻ കണക്കിലെടുത്തിട്ടുണ്ട്. അതെനിക്ക് എന്നും ഗുണം ചെയ്തിട്ടുണ്ട്.
ഇന്ന് വിപ്ലവം നക്ഷത്രം സഖാവ് കെ.ആർ.ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിൻ്റെ ഒരു അധ്യായമാണ് അവസാനിച്ചത്.
സഖാവിൻ്റെ രണധീരമായ ഓർമ്മകൾക്ക് മുമ്പിൽ അന്ത്യാഭിവാദ്യങ്ങൾ..
പ്രണാമം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News