ഒരു യുഗം അവസാനിച്ചു; ഗൗരിയമ്മയെക്കുറിച്ച് കവിതയെ‍ഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അന്ത്യാഭിവാദനം

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കുവനിത കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് അനുശോചിച്ചു.

“ഇന്ദിരാ പുർകിന്റെ മരണത്തോടെ നിശ്ചിന്തിപ്പൂരിൽ ഒരു യുഗം അവസാനിച്ചു”

ഗൗരിയമ്മയുടെ യുഗാന്തവാർത്ത കേട്ട നിമിഷം മനസ്സിൽ വന്നത് ‘പഥേർ പഞ്ചാലി’ എന്ന നോവലിലെ ഈ വാക്യമാണ്.

നൂറ്റാണ്ടുകളായി സവർണ്ണമേധാവിത്തത്തിൽ ഞെരിഞ്ഞമർന്ന കേരള ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉജ്ജ്വലപ്രതീകംകൂടിയായിരുന്നു ഗൗരിയമ്മ.
പന്നോക്കസമുദായാംഗമായ ഒരു ധീരവനിതയെ വിപ്ലവ കേരളം രാഷ്ട്രീയാധികാരത്തിന്റെ ഉന്നതങ്ങളിലെത്തിച്ചു. ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു നിരാശരായ ജനലക്ഷങ്ങളിലൊരാളാണ് ഞാനും.

കോളേജിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഗൗരിയമ്മയെ പരിചയപ്പെടുന്നത്. ചങ്ങമ്പുഴയുടെ സഹപാഠിയായ ഗൗരിയമ്മയോട് ആ മഹാകവിയുമായുള്ള പരിചയത്തെക്കുറിച്ചാണ് ഞാൻ എന്നും ചോദിച്ചത്.

ഗൗരിയമ്മയെ പാർട്ടിയിൽനിന്നു പുറത്താക്കിയപ്പോൾ എനിക്കും വലിയ വിഷമമുണ്ടായി. അതിന്റെ ഫലമായിരുന്നു ആ കവിത. അതു വായിച്ച് എന്നെ വിളിച്ച് ഗൗരിയമ്മ പറഞ്ഞു: “എന്തൊക്കെയാടാ ചെറുക്കാ നീ എന്നെപ്പറ്റി എഴുതിവെച്ചിരിക്കുന്നത്?”

ജെ.എസ്സ്.എസ്സിന്റെ പന്തളം സമ്മേളനത്തിൽ പ്രസംഗിക്കാൻ പവനനോടും സിനിമാതാരം സുകുമാരനോടുമൊപ്പം എന്നെയും ഗൗരിയമ്മ ക്ഷണിച്ചു. ഞാനും സുകുച്ചേട്ടനും മാറിനിന്നു സ്വകാര്യം പറയുന്നതു കണ്ട് അവർ അടുത്തുവന്നു സുകുമാരന്റെ ചെവിക്കു പിടിച്ചു പറഞ്ഞു: ” എന്താണ് രണ്ടുംകൂടി ഗൂഢാലോചന? പ്രസംഗം കഴിഞ്ഞുമതി കള്ളുകുടി.”

പാവങ്ങളുടെ വിമോചനത്തിനുവേണ്ടി ത്യാഗോജ്ജ്വലമായി ജീവിച്ച ആ ധീരവിപ്ലവകാരിക്ക് അന്തിമാഭിവാദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here