മാടമ്പ് കുഞ്ഞുകുട്ടന് വിട

സാഹിത്യകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ മൃതദേഹം സംസ്ക്കരിച്ചു .ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.

1941 ജൂണ്‍ 23 നാണ് തൃശ്ശൂര്‍ ജില്ലയിലെ കിരാലൂരിലാക് മാടമ്പ് ശങ്കരൻ നമ്പൂതിരി എന്ന മാടമ്പ് കുഞ്ഞിക്കുട്ടൻ്റെ ജനനം.സാഹിത്യക്കാരൻ, അഭിനയതാവ് തുടങ്ങി ഒരു മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. കലാ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കു പുറമെ ആന ചികിത്സയിലും വിദഗ്ദൻ. കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തിലെ പൂജാരിയായും ജോലി നോക്കിയിട്ടുണ്ട്. ആകാശവാണിയിലും പ്രവർത്തിച്ചു.

മാടമ്പിന്റെ നോവലുകളും കഥകളും കേരളീയ സമൂഹത്തിന്റെയും സംസ്ക്കാരത്തിന്റെയും നേർ ചിത്രങ്ങളായാണ് കണക്കാക്കുന്നത്. ജനപ്രീയ തിരക്കഥകൾ കൊണ്ട് സിനിമാലോകത്തും അദ്ദേഹം ശ്രദ്ധേയനായി. ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവയാണ് പ്രശസ്ത കൃതികൾ. ഇതിൽ അശ്വത്മാവ് സിനിമയാക്കിയപ്പോൾ നായകനായി വേഷമിട്ടു.

2000ത്തില്‍ പുറത്തിറങ്ങിയ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയ്ക് ദേശീയ പുരസ്കാരം ലഭിച്ചു. ദേശാടനം, കരുണം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതി. ഭ്രഷ്ട്, കരുണം, ഗൗരീശങ്കരം, പരിണയം, വടക്കും നാഥന്‍, പോത്തന്‍ വാവ തുടങ്ങി വിവിധ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കലാസാംസ്കാരിക സാഹിത്യ രംഗങ്ങളിലും സജീവമായിരുന്നു.

2001ൽ ബി.ജെ.പി. സ്ഥാനാർഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പരേതയായ സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കളാണ്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചിച്ചു. അസുഖത്തെ തുടർന്ന് ഒരു മാസമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here