നൂറ്റാണ്ടു നീണ്ട ആ ജീവിതം പൂർണ്ണതയിലെത്തി, ഗൗരിയമ്മയുടെ വിയോഗത്തിൽ എം ബി രാജേഷ് അനുശോചിച്ചു

കേരളത്തിന്റെ സമരനായിക കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ എം ബി രാജേഷ് അനുശോചിച്ചു.

‘നൂറ്റാണ്ടു നീണ്ട ആ ജീവിതം പൂർണ്ണതയിലെത്തി അവസാനിച്ചു.സമര നിർഭരവും ത്യാഗ സമ്പന്നവും സംഘർഷഭരിതവും സംഭവബഹുലവുമായിരുന്നു ഗൗരിയമ്മയുടെ ജീവിതം. നമ്മുടെ കാലത്തെ ഏറ്റവും ഉജ്വലമായ സ്ത്രീ ജീവിതവും.

ഗൗരിയമ്മയെ ആദ്യം കാണുന്നത് 1987 ൽ പ്രീ-ഡിഗ്രി വിദ്യാർത്ഥിയായിരിക്കേ.ആലത്തൂരിൽ നടക്കുന്ന SFI ജില്ലാ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായി ഗൗരിയമ്മ എത്തി.മന്ത്രി എന്ന നിലയിൽ ഔദ്യോഗിക പരിപാടികൾക്കെത്തിയ ഗൗരിയമ്മ SFI സമ്മേളനം നടക്കുന്നതറിഞ്ഞ് അങ്ങോട്ടു വന്നതാണ്. ഇടിമുഴക്കം പോലുള്ള മുദ്രാവാക്യങ്ങളുമായാണ് ഞങ്ങൾ പ്രതിനിധികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഗൗരിയമ്മയെ സ്വീകരിച്ചത്. വേദിയിൽ നിന്ന് ചന്ദ്രബാബുവാണെന്നാണ് ഓർമ്മ- ”വിപ്ലവ കേരളത്തിൻ്റെ വീരാംഗന സ: ഗൗരിയമ്മയെ ” അഭിവാദ്യം ചെയ്യാൻ ക്ഷണിച്ചു. ഒട്ടും അതിശയോക്തിയില്ലാത്ത വിശേഷണം. ആ വീരാംഗനയെ നേരിട്ടു കണ്ട്, ആ വ്യക്തിത്വത്തിൻ്റെ പ്രഭാവലയത്തിൽ മതിമറന്നിരുന്നതിനാലാവണം പ്രസംഗമൊന്നും ശ്രദ്ധിച്ചതേയില്ല. (അന്ന് എം.എൽ.എയായിരുന്ന സ: മേഴ്സിക്കുട്ടിയമ്മയും വേദിയിലുണ്ടായിരുന്നത് ഓർക്കുന്നു.)

ഞങ്ങളെല്ലാം വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ നേതൃതലങ്ങളിലേക്ക് എത്തുമ്പോഴേക്ക് ഗൗരിയമ്മ വഴിമാറി സഞ്ചരിച്ചിരുന്നു.അതു കൊണ്ട് അടുത്തു പരിചയപ്പെടാൻ ഒരിക്കലും അവസരമുണ്ടായില്ല. വായിച്ചും കേട്ടു മറിഞ്ഞ ഗൗരിയമ്മയോടുള്ള ആദരവ് അന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.ഗൗരിയമ്മയുടെ പ്രവചനാതീതമായ സ്വഭാവത്തിൻ്റെ സവിശേഷതകളെക്കുറിച്ച് ധാരാളം കേട്ടിരുന്നു. നിശ്ചയദാർഡ്യം, ഇഛാശക്തി, മുൻ കോപം, ഇതിനെല്ലാമിടയിലും വഴിഞ്ഞൊഴുകുന്ന സ്നേഹവും വാത്സല്യവും.

അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പു പ്രചരണത്തിനിടയിലാണ് ആദ്യമായി ഗൗരിയമ്മയെ നേരിട്ടു പരിചയപ്പെടുന്നത്. ഒരു പൊതുയോഗവേദിയിൽ വെച്ച്.ഞാൻ സ്വയം പരിചയപ്പെടുത്തി.അരികിലേക്ക് വിളിച്ച് കയ്യിൽ പിടിച്ച് കുടുംബത്തേക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ അന്വേഷിച്ചു. തുടങ്ങാറായപ്പോൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു “നീ ആദ്യം പ്രസംഗിച്ചോ .എനിക്ക് അധികം പറയാനൊന്നും വയ്യ.” ആ വേദിയിൽ ഞാൻ തുടങ്ങിയത് “വിപ്ലവ കേരളത്തിൻ്റെ വീരാംഗന “എന്ന് ഗൗരിയമ്മയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു.

മക്കളില്ലാത്ത ഗൗരിയമ്മ ഒരിക്കൽ പറഞ്ഞത് പോലീസിൻ്റെ ലാത്തികൾക്ക് സന്താനോൽപ്പാദനശേഷിയുണ്ടായിരുന്നെങ്കിൽ എത്രയോ കുഞ്ഞുങ്ങൾക്ക് താൻ ജൻമംകൊടുത്തേനെ എന്നായിരുന്നു. അത്ര കൊടിയ മർദ്ദനങ്ങളേറ്റുവാങ്ങിയ, വിപ്ലവകരമായ പെൺകരുത്തിൻ്റെ പ്രതീകമായിരുന്ന ആ വീരാംഗനക്ക് വിട.’
ലാൽസലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News