തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് ഡെസ്‌ക്

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെൽപ്‌ഡെസ്‌ക് നാളെ പ്രവർത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഹെൽപ് ഡെസ്‌ക് സജ്ജമാക്കുന്നത്.

ലോക്ക്ഡൗൺ കാലയളവിൽ ഭക്ഷണം, ചികിൽസ, മരുന്ന്, അടിയന്തര ആംബുലൻസ് സേവനം തുടങ്ങിയ സേവനങ്ങൾ ഹെൽപ് ഡെസ്‌ക് വഴി ജനങ്ങൾക്കു ലഭിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ശേഖരണകേന്ദ്രവും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും.

ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിലെ കൗൺസിലർമാർ വോളണ്ടിയർമാരായി ഇവിടെ സേവനമനുഷ്ഠിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമാകും ഹെൽപ്‌ഡെസ്‌ക് നിയന്ത്രിക്കുക. പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും. വിവിധ ആവശ്യങ്ങൾക്കായി വരുന്ന ഫോൺ കോളുകൾ അതത് വിഭാഗങ്ങളെ അറിയിച്ച് സേവനം ഉറപ്പുവരുത്തും.

ഹെൽപ്‌ഡെസ്‌കിന്റെ ഭാഗമായ കളക്ഷൻ സെന്ററിലേക്ക് അവശ്യവസ്തുക്കളായ മാസ്‌ക്, സാനിറ്റൈസർ, സോപ്പ്, കൈയുറകൾ, പി പി ഇ കിറ്റ്, മരുന്നുകൾ, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് സംഭാവന ചെയ്യാം. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്ത് സഹായകേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ 0471 2550750.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News