എല്‍ഡിഎഫ് ചരിത്ര വിജയം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍

തുടർഭരണം നേടിയ കേരളത്തിലെ എൽ ഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് വിയറ്റ്നാം അടക്കമുള്ള വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. കേരളത്തിൽ ഇടതുപക്ഷം നേടിയ വിജയം കഴിഞ്ഞ അഞ്ചു വർഷത്തെ അശ്രാന്ത
പരിശ്രമത്തിൻറെ ഫലമാണെന്ന് വിയറ്റ്നാം അംബാസഡർ ഫാം സാങ് ചൗ അഭിപ്രായപ്പെട്ടു.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കും പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയ്ക്കും അയച്ച കത്തുകളിലാണ് കേരളത്തിലെ ഉജ്വല വിജയത്തെ വിയറ്റ്നാം അംബാസഡറും ജർമനിയിലെ ഇടതുപാർട്ടിയായ ഡൈ ലിങ്കേയും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ പാരിറ്റോ കമ്യൂണിസ്റ്റയും അഭിനന്ദിക്കുന്നത്.

നാല് പതിറ്റാണ്ടിന് ശേഷം തുടർഭരണം നേടിയ എൽഡിഎഫിൻറെ വിജയത്തെ, നാഴികക്കല്ലെന്നാണ് വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് അംബാസഡർ ഫാം സാങ് ചോ വിശേഷിപ്പിക്കുന്നത്.കഴിഞ്ഞ അഞ്ചുവർഷത്തെ അശ്രാന്ത പരിശ്രമവും ജനങ്ങളോടുള്ള
പ്രതിബദ്ധതയുമാണ് വിജയത്തിന് പിന്നിൽ. ഈ മഹാമാരിക്കാലത്ത് കേരള ജനത സർക്കാരിൽ അർപ്പിച്ച വിശ്വാസവും ഉത്തരവാദിത്തവുമാണ് ചരിത്രവിജയം ചൂണ്ടിക്കാട്ടുന്നതെന്നും വിയറ്റ്നാം അംബാസഡർ സീതാറാം യെച്ചൂരിക്കയച്ച കത്തിൽ വ്യക്തമാക്കി.

ജർമനിയിലെ ഇടതുപാർട്ടിയായ ഡൈ ലിങ്കേ എം എ ബേബിയ്ക്കയച്ച കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന
ഘടകത്തിനും അഭിനന്ദനമറിയിച്ചത്. കൊവിഡ് മഹാമാരിയെ നേരിടാൻ കേരളത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഡൈ ലിങ്കേ കത്ത്
അവസാനിപ്പിക്കുന്നത്.

ഇറ്റാലിയൻ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ പാരിറ്റോ കമ്യൂണിസ്റ്റയുടെ ജനറൽ സെക്രട്ടറി മാർകോ റിസ്സോ, പാർട്ടി നേടിയ വിജയത്തെ അഭിനന്ദിക്കുന്നു. സോഷ്യലിസത്തിന് വേണ്ടിയുള്ള വർഗസമരത്തിന് ഊർജം പകരുന്നതാണ് കേരളത്തിൽ ഇടതുപക്ഷം നേടിയ വിജയമെന്ന് പാരിറ്റോ കമ്യൂണിസ്റ്റ അടിവരയിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here