യുപിയിൽ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വന്ന സംഭവം: അന്വേഷണം പുരോഗമിക്കുന്നു

ബീഹാറിന് പിന്നാലെ യുപിയിലും മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നൂറോളം മൃതദേഹങ്ങളാണ് ഗംഗയിലൂടെ ഒഴുകിയെത്തിയത്.

ബീഹാറിൽ ഗംഗാ നദിയിലൂടെ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി വന്നതിന് സമാനമായി ഉത്തർപ്രദേശിലും മൃതദേഹങ്ങൾ ഒഴുകി വന്നതോടെ യുപി സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.കഴിഞ്ഞ ദിവസം ബീഹാറിലെ ബക്‌സറിൽ നൂറിലേറെ മൃതദേഹങ്ങളാണ് ഒഴുകി എത്തിയത്.

ഉത്തർപ്രദേശിൽ മരിച്ച കൊവിഡ് രോഗികളെ ഗംഗയിൽ ഒഴുക്കിവിട്ടതാകാമെന്നാണ് ബീഹാർ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹങ്ങൾ യുപിയിൽ നിന്നുമുള്ളതല്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുപിയിലെ ഗസിപുരിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തത്.

യുപിയിൽ ഗംഗ നദിയിൽ നൂറോളം മൃതദേഹങ്ങളാണ് ഒഴുകിയെത്തിയത്.
ഉത്തരേന്ത്യയുടെ ഗ്രാമീണ മേഖലകളിൽ കൊവിഡ് പടർന്നുപിടിക്കുന്നതിന്റെ തെളിവാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയതെന്നും,യുപി സർക്കാർ കൊവിഡ് മരണങ്ങൾ മറച്ചുവെക്കുന്നതിന്റെ തെളിവാളിതെന്നും കോൺഗ്രസ്‌ ആരോപിച്ചിരുന്നു.

നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി വരികയും,ആശുപത്രിക്ക് മുന്നിൽ രോഗികളുടെ നീണ്ട നിര ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രധാന മന്ത്രി തന്റെ കണ്ണുകൾ ഇപ്പോഴെങ്കിലും തുറക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .

ബക്‌സർ സംഭവത്തിന് ശേഷം ജലമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് കൃത്യമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ ഒഴുകിയെത്തിയ ഗാസിപുരിൽ അധികൃതർ എത്തി പരിശോധന നടത്തിയിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ എങ്ങനെയെത്തി എന്നത് പരിശോധിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് എംപി സിങ് വ്യക്തമാക്കി. കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിന് നാൽപ്പതിനായിരം രൂപവരെ ചെലവുള്ള സാഹചര്യത്തിൽ, പണം കണ്ടെത്താനാകാതെ സാധാരണക്കാർ മൃതദേഹങ്ങൾ ഒഴുക്കിവിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News