മാലാഖമാരല്ല, പോരാളികളാണിവര്‍; ഇന്ന് വെള്ളക്കുപ്പായത്തിലെ മുന്നണിപ്പോരാളികളുടെ ദിവസം; ഇന്ന് ലോക നഴ്‌സസ് ദിനം

മെയ് 12, ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്…. മാലാഖമാരല്ല, ഈ അവസരത്തില്‍ അവരെ ഭൂമിയിലെ പോരാളികള്‍ എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കൊവിഡ് അതിതീവ്രമായി വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ അതിനെതിരെ പോരാടിനിന്ന് നമ്മളെ രക്ഷിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്നവര്‍ അവര്‍ തന്നെയാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ലോക നഴ്‌സസ് ദിനം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാന്‍ കേരള ഗവ. നഴ്‌സസ് യൂണിയന്‍ തീരുമാനിച്ചിരുന്നു.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് 1965 മുതല്‍ നഴ്സസ് ദിനം ആഘോഷിച്ചുവരികയാണ്. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 നഴ്സസ് ഡേ ആയി ആചരിക്കുന്നത് തന്നെ. 1974-ലാണ് മെയ് 12 നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

ബ്രിട്ടീഷ് ധനിക കുടുംബത്തിലെ അംഗമായി 1820 മെയ് 12-നായിരുന്നു ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജനനം. വില്യം എഡ്വേര്‍ഡ് നൈറ്റിംഗേലും ഫ്രാന്‍സിസ് നി സ്മിത്തുമായിരുന്നു മാതാപിതാക്കള്‍. ഇറ്റാലിയന്‍ നഗരമായ ഫ്ളോറന്‍സിലാണ് അവള്‍ ജനിച്ചത്. അതുകൊണ്ട് അവള്‍ക്ക് മാതാപിതാക്കള്‍ ആ നഗരത്തിന്റെ പേരു തന്നെയിടുകയായിരുന്നു.

യുദ്ധത്തില്‍ പരിക്കേറ്റവരെ രാത്രിയില്‍ വിളക്കും കയ്യിലേന്തി ശുശ്രൂഷിച്ചിരുന്ന നൈറ്റിംഗേല്‍ ശരിക്കും ‘വിളക്കേന്തിയ ഒരു മാലാഖ’തന്നെയായിരുന്നു. നഴ്സിങ് എന്ന പ്രൊഫഷന് ഇന്നു കാണുന്ന അംഗീകാരം നേടിക്കൊടുത്തതും അവരുടെ സമര്‍പ്പിതജീവിതമാണ്.

ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും പരുക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി നൈറ്റിംഗേല്‍ മാറ്റിവെച്ചു. ഫ്ളോറന്‍സിന്റെ ഈ ജോലി കണ്ട് അവര്‍ അവളെ ‘ദ ലേഡി വിത്ത് ദ ലാമ്പ്’ എന്ന് വിളിച്ചു. മറ്റുള്ളവര്‍ ‘ദ ഏയ്ഞ്ചല്‍ ഓഫ് ക്രിമിയ’ എന്നും അവളെ വിളിക്കുകയായിരുന്നു.

സത്യത്തില്‍ പറഞ്ഞുവരുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഇത്തരം മാലാഖമാര്‍. സ്വന്തം ജീവിതം പോലും മറ്റുള്ളവര്‍ക്കായി മാറ്റിവെച്ച് ഏത് ദുരിതക്കയത്തിലും പുഞ്ചിരിയോടെ നമ്മളെ പരിചരിച്ച സിസ്റ്റര്‍ ലിനിയും അശ്വതിയും ഒക്കെ യഥാര്‍ത്ഥ പോരാളികള്‍ തന്നെയാണ്.

കേരളത്തിലെ ഒരു ആരോഗ്യ ശുശ്രൂഷകയായിരുന്നു ലിനി പുതുശ്ശേരി. ‘ഇന്ത്യയുടെ ഹീറോ’ എന്നാണ് ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും ലിനിയെ വിശേഷിപ്പിച്ചത്. 2018 ല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തില്‍ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് പകര്‍ച്ചവ്യാധിയില്‍ രോഗികളെ പരിചരിക്കുന്നതിനിടയില്‍ രോഗം പിടിപെട്ട് മരിച്ചതോടെ ലിനി ലോക ജനശ്രദ്ധയിലേക്കെത്തുകയായിരുന്നു.

ദ എക്കണോമിസ്റ്റ് എന്ന ലോകപ്രശസ്തമാഗസിന്‍ അവരുടെ ചരമ കോളത്തില്‍ ഒരു ഹൃദ്യമായ കോളം തന്നെ ലിനിയുടെ ഓര്‍മ്മയില്‍ എഴുതിയിരുന്നു. അതിനെ തുടര്‍ന്ന് ലോകാരോഗ്യസംഘടന ലിനിയുടെ നിസ്സ്വാര്‍ത്ഥമായ സേവനത്തെ പുകഴ്ത്തുകയുണ്ടായി. ആരോഗ്യപ്രവര്‍ത്തകരുടെ ഡയറക്റ്ററായ ജിം കാമ്പെല്‍ ലിനിയുടെ ത്യാഗം ഗാസയിലെ റാസന്‍ അല്‍ നജ്ജാര്‍, ലൈബീരിയയിലെ സലോമി കര്‍വാ എന്നിവരുടേ ത്യാഗത്തിതിനൊപ്പമാണെന്ന് പറയുകയും ചെയ്തിരുന്നു.

കൂടാതെ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്ന അശ്വതിയും ഒരു രക്തസാക്ഷി തന്നയായിരുന്നു. കൊവിഡ് അതിതീവ്രമാകുന്ന ഈ സാഹചര്യത്തില്‍ അശ്വതിയും ഒരു മുന്നണി പോരാളിയായിരുന്നു.

സത്യത്തില്‍ ഈ ഒരു ദിവസം മാത്രമല്ല, മറിച്ച് ഓരോ ദിനവും നാം അവരെ അനുസ്മരിക്കണം. ഒരും ഒരു ദിവസത്തില്‍ ഒതുങ്ങിത്തീരുന്നതല്ല അവരുടെ മാഹാത്മ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here