കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണപ്പോള്‍ സഹായവുമായെത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷയുന്ന നന്‍മയുള്ള കാഴ്ചകള്‍ നിരവധിയുണ്ടാകുന്നുണ്ട്. അങ്ങനെയൊരു വാര്‍ത്തയാണ് പാലക്കാട് നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നത്. കൊവിഡ് ബാധിതനായ ബിജെപി പ്രവര്‍ത്തകന്‍ വീട്ടില്‍ കുഴഞ്ഞു വീണപ്പോള്‍ സഹായവുമായെത്തിയത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.

കൊവിഡ് ഭീതി മൂലം നാട്ടുകാര്‍ മടിച്ചു നിന്നപ്പോഴാണ് ഡിവൈഎഫ്‌ഐപ്രവര്‍ത്തകരായ സന്ദീപും , തേജസും , സുരേഷും കൈത്താങ്ങായത്. കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിയുകയായിരുന്ന ഇല്ലിയം കാട്ടില്‍ വിഭൂഷന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പെരുവെമ്പ് പഞ്ചായത്ത് പ്രതിരോധ സന്നദ്ധ സേനയുടെ നമ്പറിലേക്ക് ഫോണ്‍ വിളിയെത്തി.ആരോഗ്യപ്രശ്‌നം രൂക്ഷമാണ് അടിയന്തിര സഹായം വേണം.

വിവരമറിഞ്ഞ് ഡിവൈഎഫ്‌ഐപ്രവര്‍ത്തകര്‍ വീട്ടിലെത്തുമ്പോള്‍ വിഭീഷ് കുഴഞ്ഞ് വീണ് കിടക്കുകയായിരുന്നു. ഭയാശങ്കകള്‍ കാരണം നാട്ടുകാര്‍ സഹായത്തിനെത്താതെ മടിച്ചു നില്‍ക്കുന്നു. ഒരു നിമിഷം പാഴാക്കിയില്ല. പഞ്ചായത്ത് മെമ്പറായ സുരേഷ് ഉടന്‍ സ്വന്തം വാഹനവുമായെത്തി. പി പി ഇ കിറ്റും സ്‌ട്രെച്ചറുമായി സന്ദീപും തേജസും. ഓമ്‌നി വാനില്‍ ജില്ലാ ആശുപത്രിയിലേക്ക് കുതിച്ചു.

ജില്ലാ ആശുപത്രിയിലെത്തി ചികിത്സ ലഭ്യമാക്കിയതോടെ വിഭൂഷന്‍ ആരോഗ്യം വീണ്ടെടുത്തു. പ്രതിസന്ധിയുടെ കാലത്ത് പരസ്പരം ചേര്‍ന്നു നിന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ ചേരിയിലുള്ളവരാണ്. വിഭൂഷന്റെ ഭാര്യ അജന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു.

എന്നാല്‍ കൊടിയുടെ നിറവ്യത്യാസമോ ആശയങ്ങളുടെ വേര്‍തിരിവോ അടിയന്തിര ഘട്ടത്തില്‍ ഇവര്‍ക്ക് സഹായമെത്തിക്കുന്നതിന് ഡിവൈഎഫ്‌ഐപ്രവര്‍ത്തകര്‍ക്ക് തടസ്സമായില്ല. സുരേഷ് ഡിവൈഎഫ്‌ഐ പുതുശ്ശേരി ബ്ലോക്ക് വൈസ് . പ്രസിഡന്റും, സന്ദീപ് പെരുവെമ്പ് ഈസ്റ്റ് മേഖലാ സെക്രട്ടറിയും , തേജസ് പെരുവെമ്പ് വെസ്റ്റ് മേഖലാ ട്രഷററുമാണ്.

മനുഷ്യര്‍ക്കിടയില്‍ മനുഷ്യന്‍ തീര്‍ത്ത മതിലുകളും അതിര്‍വരമ്പുകളും മറികടന്ന് കൊവിഡിന്റെ ഇരുണ്ട കാലത്ത് സ്‌നേഹത്തിന്റെയും നന്‍മയുടെയും വെളിച്ചമേകുന്ന ഇത്തരം കാഴ്ചകള്‍ അതിജീവനത്തിന്റെ നാളുകളിലേക്കുള്ള പ്രതീക്ഷയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here