ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍; ആര്‍ബി ലെയ്പ്‌സിഗും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ള കിരീടപ്പോരാട്ടം നാളെ രാത്രി

ബയേണ്‍ മ്യൂണിക്കില്ലാത്ത കിരീടപ്പോരാട്ടം ജര്‍മന്‍ ലീഗുകളില്‍ അത്യപൂര്‍വ്വമാണ്. എന്നാല്‍ അത്തരത്തിലൊരു ഫൈനലിനാണ് ബെര്‍ലിന്‍ ഒളിമ്പ്യസ്റ്റേഡിയം വേദിയാവുന്നത്. ജര്‍മന്‍ കപ്പില്‍ 20 തവണ ജേതാക്കളായ ബയേണ്‍ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായതാണ് ഇത്തരത്തില്‍ ഒരു ഫൈനലിന് കളം ഒരുങ്ങിയത്.

ബുണ്ടസ് ലീഗയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഹോള്‍സ്റ്റയിന്‍ കീലാണ് ജര്‍മന്‍ കപ്പില്‍ ബയേണിനെ അട്ടിമറിച്ചത്. ടൂര്‍ണമെന്റിന്റെ സെമിയില്‍ ഡോര്‍ട്ട്മുണ്ടിനോട് തോറ്റായിരുന്നു ഹോള്‍സ്റ്റയിന്‍ കീലിന്റെ മടക്കം- ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ആര്‍ബി ലെയ്പ്‌സിഗാണ് ഫൈനല്‍ എതിരാളി. ലെയ്പ്‌സിഗ് ഇതേ വരെ ജര്‍മന്‍ കപ്പ് നേടിയിട്ടില്ല.

ചരിത്രത്തിലാദ്യമായി കിരീടത്തില്‍ മുത്തമിടാനുറച്ചാണ് ക്ലബ്ബിന്റെ പടയൊരുക്കം.2019 ല്‍ ഫൈനല്‍ വരെയെത്തിയതാണ് ജര്‍മന്‍ കപ്പില്‍ ആര്‍.ബി ലെയ്പ്‌സി ഗിന്റെ ഏറ്റവും വലിയ നേട്ടം.അതേസമയം അഞ്ചാം കിരീടമാണ് ബൊറുസിയ ഡോര്‍ട്ട്മുണ്ടിന്റെ ലക്ഷ്യം. ബുണ്ടസ് ലീഗയില്‍ ടീമുകള്‍ ഏറ്റവും ഒടുവില്‍ മുഖാമുഖം വന്നപ്പോള്‍ ഡോര്‍ട്ട്മുണ്ടിനായിരുന്നു വിജയം.

2017 ലാണ് ഡോര്‍ട്ട്മുണ്ട് ഏറ്റവും ഒടുവിലായി ജര്‍മന്‍ കപ്പ് നേടിയത്. എര്‍ലിങ് ഹാലാന്‍ഡ് – ജെയ്ഡന്‍ സാഞ്ചോ – മാര്‍ക്കോ റിയൂസ് ത്രയത്തിന്റെ സൂപ്പര്‍ പ്രകടനത്തിലാണ് ഡോര്‍ട്ട്മുണ്ടിന്റെ വിജയപ്രതീക്ഷ മുഴുവന്‍. 5 ഗോള്‍ നേടിയ ലെയ്പ്‌സിഗിന്റെ യുസഫ് പൗള്‍സനാണ് ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍.

ഡോര്‍ട്ട്മുണ്ടിന്റെ സൂപ്പര്‍ താരം ജെയ്ഡന്‍ സാഞ്ചോ നാലു ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്. ഇതിന് പുറമെ മൂന്ന് അസിസ്റ്റുകളും സാഞ്ചോയ്ക്കുണ്ട്. താല്‍ക്കാലിക പരിശീലകന്‍ എഡിന്‍ ടെര്‍സിക്കിന്റെ കീഴിലാണ് ടൂര്‍ണമെന്റില്‍ ഡോര്‍ട്ട്മുണ്ടിന്റെ ഫൈനല്‍ പ്രവേശം. അതേ സമയം നടപ്പ് സീസണ് ശേഷം ബയേണ്‍ മ്യൂണിക്കിലേക്ക് കളം മാറുന്ന ജൂലിയന്‍ നേഗിള്‍സ്മാനാണ് ആര്‍.ബി ലെയ്പ്‌സിഗിന്റെ പരിശീലകന്‍.

അതിനാല്‍ തന്നെ കിരീട വിജയത്തില്‍ കുറഞ്ഞൊന്നും തന്നെ ലെയ്പ്‌സിഗിനെ തൃപ്തരാക്കില്ല. ഏതായാലും ജര്‍മന്‍ കപ്പിലെ വാശിയേറിയ ഫൈനല്‍ ത്രില്ലറിനാണ് ബെര്‍ലിന്‍ ഒളിമ്പ്യ സ്റ്റേഡിയം വേദിയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News