സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പല ജില്ലകളിലും യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു പല സംസ്ഥാനങ്ങളിലും ലഭിച്ചിരുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ മഴ മൂലം തെക്കന്‍ കേരളത്തിലേയും വടക്കന്‍ കേരളത്തിലേയും പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി.

ശനിയാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ടാണ്. വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകലിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം റയില്‍വേ ട്രാക്കിലടക്കം വെളളം കയറി. തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും റയില്‍വേ സ്റ്റേഷനിലും എസ് എസ് കോവില്‍ റോഡിലും രൂക്ഷമായ വെളളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ന്യൂനമര്‍ദ്ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഏഴ് മണിമുതലുള്ള 4 മണിക്കൂറിനുള്ളില്‍ തന്നെ 128 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ ഇങ്ങനെ:

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, 2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങില്‍ പ്രതീക്ഷിക്കേണ്ടത്.

2021 മെയ് 12: ഇടുക്കി, 2021 മെയ് 13 : തിരുവനന്തപുരം, 2021 മെയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, 2021 മെയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News