വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍

പലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രയേല്‍. ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രയേല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയമായ ക്രോസിങ് പോയിന്റ് അതോറിറ്റിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് പലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ പലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News