ഗൗരിയമ്മയുടെ മുംബൈ അനുഭവങ്ങള്‍; പി ആര്‍ അനുസ്മരിക്കുന്നു

ഏഴു പതിറ്റാണ്ടായി തുടങ്ങിയതാണ് സഖാവ് പി ആര്‍ കൃഷ്ണന്റെ മുംബൈ ജീവിതം. ഇതിനിടയില്‍ ദേശീയ നേതാക്കളടക്കം നിരവധി കമ്മ്യൂണിസ്‌റ് നേതാക്കളുടെ നഗരത്തിലെ പരിചിത മുഖമാണ് സഖാവ് പി ആര്‍ കൃഷ്ണന്‍. കേരളത്തിലെ കമ്മ്യൂണിസ്‌റ് നേതാക്കളായ സഖാവ് ഇ എം എസ് മുതല്‍ എ കെ ജി, വി എസ് അച്യുതാനന്ദന്‍, ഇ കെ നായനാര്‍ തുടങ്ങി യുവ നിരയിലെ നേതാക്കള്‍ വരെ മുംബൈയിലെത്തിയാല്‍ സഖാവ് പി ആര്‍ അനുഗമിച്ചിരുന്നു. ഗൗരിയമ്മ മുംബൈയില്‍ എത്തിയപ്പോഴെല്ലാം അവരോടൊപ്പവും നഗരത്തിലെ മാര്‍ഗ്ഗദര്‍ശിയായി പി ആര്‍ കൂടെയുണ്ടായിരുന്നു. ഗൗരിയമ്മ മന്ത്രിയാകുന്നതിന് മുന്‍പേ തുടങ്ങിയതാണ് ഈ സൗഹൃദം.

സഖാവ് ടി വി തോമസ് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തെ കാണുവാന്‍ ഗൗരിയമ്മ എത്തിയിരുന്നതായി പി ആര്‍ ഓര്‍ത്തെടുത്തു. അന്ന് കലീനയിലുള്ള ഒരു ബന്ധുവിനോടൊപ്പമായിരുന്നു ഗൗരിയമ്മ താമസിച്ചിരുന്നത്. ആശുപത്രിയിലേക്ക് പോകാനും തിരിച്ചു വീട്ടിലെത്തിക്കാനുമെല്ലാം കൂടെയുണ്ടായിരുന്നത് പി ആര്‍ ആയിരുന്നു. ഇത് കൂടാതെ മൂന്ന് നാല് തവണ കൂടി ഗൗരിയമ്മ മുംബൈ നഗരത്തിലെത്തിയിരുന്നതായി മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായ പി ആര്‍ ഓര്‍ക്കുന്നു. ഇ എസ് ഗംഗാധരന്‍, ശ്രീമാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജനശക്തിയുടെ അഭിമുഖത്തില്‍ സംഘടിപ്പിച്ച ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ സ്വീകരണ പരിപാടിയിലും കൂടാതെ ശ്രീനാരായണ മന്ദിര സമിതിയുടെ സാംസ്‌ക്കാരിക പരിപാടിയിലും ഗൗരിയമ്മ പങ്കെടുത്തിരുന്നു.

മുംബൈയില്‍ എത്തുമ്പോഴെല്ലാം മഹാരാഷ്ട്രയിലെ വനിതാ നേതാക്കളെയും കണ്ട് ചര്‍ച്ചകള്‍ നടത്തുവാന്‍ പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്ന പി ആര്‍ ആയിരുന്നു യോഗങ്ങളുടെ ഏകോപനം നിര്‍വഹിച്ചിരുന്നത്. ആദിവാസികളുടെ റാണി എന്നറിയപ്പെട്ടിരുന്ന ഗോദാവരി പരുലേക്കര്‍, അഹല്യ രങ്കനെക്കാര്‍, മീനാക്ഷി കോലാത്കാര്‍, പ്രേമാ ഓക്ക്, താര റെഡ്ഡി, മഞ്ജു ഗാന്ധി, റോസാ ദേശ്പാണ്ഡെ തുടങ്ങി അക്കാലത്ത് ജ്വലിച്ചു നിന്നിരുന്ന വനിതകളുമായി നടത്തിയിരുന്ന കൂടിക്കാഴ്ചകളില്‍ ആവേശത്തോടെയാണ് ഗൗരിയമ്മ പങ്കെടുത്തിരുന്നത്. കൂടാതെ വ്യവസായ മന്ത്രിയായതിന് ശേഷം വിലെ പാര്‍ലെയിലെ ഖാദി ഭണ്ഡാര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ മലയാളികളടക്കമുള്ള വനിതകള്‍ ചേര്‍ന്നൊരുക്കിയ സ്വീകരണ പരിപാടി മറക്കാനാകാത്ത അനുഭവമായി പി ആര്‍ അഭിമാനത്തോടെ പങ്കു വച്ചു .

രണ്ടു വര്‍ഷം മുന്‍പാണ് അവസാനമായി ആലപ്പുഴയിലെ വീട്ടില്‍ ചെന്ന് താന്‍ ഗൗരിയമ്മയെ കണ്ടതെന്ന് പി ആര്‍ കൃഷ്ണന്‍ പറഞ്ഞു. അന്ന് ഉണ്ണിയപ്പം തന്ന് സ്വീകരിച്ച ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് വിടേണ്ടി വന്നതിലുള്ള വിഷമവും പങ്കു വച്ചു.

തൊഴിലാളികളുടെ നഗരമായ മുംബൈ ഗൗരിയമ്മയ്ക്ക് എന്നും ആവേശം പകര്‍ന്നിരുന്നു. കാണുമ്പോഴെല്ലാം മഹാനഗരത്തിലെ സ്മരണകള്‍ അയവിറക്കും. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പോകുമ്പോഴെല്ലാം അക്കാലത്ത് മുംബൈയില്‍ തങ്ങേണ്ടി വന്നിട്ടുണ്ട്. വിമാനത്താവളത്തില്‍ താമസിക്കുമ്പോള്‍ വീട്ടില്‍ തയ്യാറാക്കിയ കഞ്ഞിയുമായി ഡോ എം ജി പിള്ളയും ഭാര്യയും എത്തിയിരുന്നതെല്ലാം രസകരമായ അനുഭവങ്ങളായിരുന്നുവെന്ന് പി ആര്‍ ഓര്‍മ്മിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News