മുംബൈയിലെ മലയാളി മാലാഖമാർ

ഇന്ന് ലോക നഴ്‌സസ് ദിനം. കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനത്തില്‍ മഹാനഗരത്തിലെ മലയാളികളായ നഴ്‌സുമാരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ നിരവധി ആശുപത്രികളിലാണ് ഒഴിവു പോലും എടുക്കാനാകാതെ രാപ്പകല്‍ അവര്‍ അധ്വാനിക്കുന്നത്. മണിക്കൂറുകളോളം പി പി ഇ കിറ്റുകള്‍ ധരിച്ചു കൊണ്ടുള്ള സേവനം ഏറെ ദുസ്സഹമാണെങ്കിലും നഗരത്തെ തിരിച്ചെടുക്കുക എന്ന സാമൂഹ്യബോധം ഉള്‍ക്കൊണ്ട് ഇവര്‍ രാപ്പകല്‍ പോരാടുകയാണ്.

കേരളത്തില്‍ നിന്നുള്ള ധീരരായ നഴ്സുമാര്‍ മുംബൈയില്‍ മാത്രമല്ല രാജ്യത്തിന്റെയും ലോകത്തിന്റെയും വിദൂര കോണുകളില്‍ സേവനമനുഷ്ഠിക്കുന്നു. മലയാളിയുടെ സഹനത്തിനും സ്‌നേഹത്തിനും കരുതലിനും ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയത് മലയാളി നഴ്‌സുമാര്‍ ആണെന്ന് പറയുന്നതില്‍ തെറ്റില്ല

മുംബൈയിലെ സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനത്തിലധികവും കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണ്. കൂടാതെ നഗരത്തിലെ ലാബ് ടെകെ്നിഷ്യന്‍ വിഭാഗത്തിലും കൂടുതലും മലയാളികളാണ് സേവനമനുഷ്ഠിക്കുന്നത്. ജനസാന്ദ്രതയുള്ള നഗരത്തിലെ പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് കൊണ്ടാണ് ഇവരെല്ലാം കോവിഡ് കാലത്തെ ത്യാഗപൂര്‍ണ്ണമായ അവസ്ഥയിലും നഗരത്തെ വീണ്ടെടുക്കാന്‍ പെടാപ്പാട് പെടുന്നത്.

ഓക്‌സിജന്റെയും മരുന്നുകളുടെയും അഭാവമാണ് വലിയ വെല്ലുവിളിയായി കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതെന്ന് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എല്‍സമ്മ അനുഭവം പങ്കുവെച്ചു. രോഗികളുമായി അടുത്ത് ഇടപഴകുന്ന തങ്ങള്‍ ഇത്തരം അവസ്ഥകളില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുതാണെന്നും നിസ്സഹായാവസ്ഥ വിവരിച്ചു കൊണ്ട് എല്‍സമ്മ പറഞ്ഞു.

ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 20 ലക്ഷം നഴ്സുമാരില്‍ 18 ലക്ഷം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ലോകത്തെ മൊത്തം കണക്കെടുത്താല്‍ ഒരു മലയാളി നഴ്സ് എങ്കിലും ഇല്ലാത്ത ആശുപത്രികള്‍ വിരളമായിരിക്കും.

ചരിത്രപരമായി, കേരളത്തില്‍ നിന്നുള്ള ധീരരായ നഴ്‌സുമാര്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും വിദൂര കോണുകളിലേക്ക് യാത്ര ചെയ്തു സേവനം നല്‍കി വരുന്നു. ഈ പ്രവണത ഇന്നും തുടരുന്നു. കേരളത്തില്‍ പഠിച്ച 30 ശതമാനം നഴ്സുമാരും യുകെയിലോ യുഎസിലോ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്, ഓസ്ട്രേലിയയില്‍ 15 ശതമാനവും മിഡില്‍ ഈസ്റ്റില്‍ 12 ശതമാനവും.

മഹാമാരിയുടെ ഈ കാലത്ത് നിസ്വാര്‍ത്ഥരായി സേവനം ചെയ്ത് ജീവന്‍ പൊലിഞ്ഞ നഴ്‌സുമാരും ഒട്ടനവധിയാണ്.പലരും പി എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാതെ താല്‍ക്കാലിക നിയമനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇവരുടെ മരണത്തോടെ കുടുംബത്തിന് സംഭവിക്കുന്നത്. പക്ഷെ അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.

എന്നും ഇപ്പോഴും പുഞ്ചിരിതൂകിക്കൊണ്ട് അവര്‍ വാര്‍ഡുകള്‍ തോറും ഓടി നടക്കുമ്പോള്‍ അവരുടെ ഉള്ളിലെ വിതുമ്പലുകള്‍ ആരും അറിയാറില്ല. ഒരു ദിനംകൊണ്ട് ഓര്‍ത്തു മറക്കേണ്ടവരല്ല നഴ്‌സുമാര്‍. ഈ വെള്ളരിപ്രാവുകള്‍ നമ്മുടെ ജീവനുവേണ്ടി സ്വന്തം ജീവന്‍ കൊണ്ട് പന്താടുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here