കിഴക്കമ്പലത്ത് സ്ഥിതി ഗുരുതരം; കൊവിഡ് മരണവും കൂടുന്നു; ഡൊമിസിലിയറി കെയര്‍ സെന്റര്‍ പോലും തുടങ്ങിയിട്ടില്ല

കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ഇന്ന് നിയുക്ത എം എല്‍ എ പി വി ശ്രീനിജിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് അഞ്ചിന് വ്യാപാരഭവനിലാണ് യോഗം.

ചൊവ്വാഴ്ചവരെ 800 രോഗബാധിതരും 80 മരണങ്ങളും പഞ്ചായത്തിലുണ്ടായി. എന്നാല്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങാന്‍പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. വീട്ടുകാര്‍ക്ക് രോഗം പകരാതിരിക്കാന്‍ തൊഴുത്തില്‍ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് മരിച്ച മലയിടംതുരുത്ത് മാന്താട്ടില്‍ സാബുവിന്റെ അമ്മ കാളിക്കുട്ടി, ഭാര്യ സിജ, സഹോദരന്‍ ഷാജി എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടരവയസ്സുള്ള മകന്‍ സായൂജും ഇവര്‍ക്കൊപ്പമാണ്. ഇവര്‍ വീട്ടില്‍ത്തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ജനകീയ കൂട്ടായ്മയാണ് നല്‍കുന്നത്.

വാര്‍ഡിലെ ആശാവര്‍ക്കര്‍ പഞ്ചായത്ത് പ്രസിഡന്റുതന്നെയാണ്. ഈ വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഒരാഴ്ചമുമ്പാണ് പഞ്ചായത്തിലെ ചൂരക്കോട് വാര്‍ഡില്‍ ഒരു വീട്ടിലെ മൂന്നുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

പാറക്കല്‍ സോമന്‍ (57), സഹോദരന്‍ കൃഷ്ണന്‍കുട്ടി (62), ഇവരുടെ അമ്മ പാറു (85) എന്നിവരാണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ മൂവരെയും പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഒന്നാംവാര്‍ഡിലെ ആശാവര്‍ക്കറുടെ പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചവന്നതായി നിരവധി പരാതികളുണ്ട്. ഇതന്വേഷിച്ച് നടപടി എടുക്കാന്‍ പി വി ശ്രീനിജിന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel