മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ ഒരു മരണം; 28 വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകൾ പൂർണമായും 26 വീടുകൾ ഭാഗീകമായും നശിച്ചു.

അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ്(18) ആണ് ഇടിമിന്നലേറ്റു മരിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല താലൂക്കുകളിലായിരുന്നു മഴക്കെടുതിയുടെ രൂക്ഷത ഏറെയും. തിരുവനന്തപുരം താലൂക്കിൽ ഒരു വീട് പൂർണമായും 10 എണ്ണം ഭാഗീകമായും തകർന്നു. വർക്കല താലൂക്കിൽ ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗീകമായും തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ 14 വീടുകൾ ഭാഗീകമായി തകർന്നു.

അതിശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടു നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജില്ലയിൽ നിലവിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ ഉപയാഗിക്കാൻ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ക്രമീകരണങ്ങളായിട്ടുണ്ട്. കൊവിഡ് പോസിറ്റിവ് ആയവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഡൊമിസിലിയറി കെയർ സെന്ററുകളിലേക്കു മാറ്റുമെന്നും കളക്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News