കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു

18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിയ്ക്ക് ലഭ്യമല്ല എന്നതാണ് നമ്മൾ നേരിടുന്ന പ്രശ്നം. തിക്കുംതിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പൊലീസ് സഹായം ആവശ്യമെങ്കിൽ അതും തേടാവുന്നതാണ്.

പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കാവുന്നതാണ്. അതിന്റെ സാങ്കേതിക കാര്യങ്ങൾ കെൽട്രോണിനെക്കൊണ്ട് പെട്ടെന്ന് ചെയ്യിക്കാൻ വ്യവസായ വകുപ്പിന് നിർദ്ദേശം നൽകി. സി എഫ് എൽ ടി സികൾ, സി എസ് എൽ ടി സികൾ എന്നിവിടങ്ങളിലും വാർഡ് തല സമിതികളിലും പാലിയേറ്റിവ് വളണ്ടിയർമാരെ കൂടുതലായി നിയോഗിക്കാൻ കഴിയണം. കിടക്കയുടെ എൺപത്തിയഞ്ച് ശതമാനം ആളുകൾ ആകുമ്പോൾ പെട്ടെന്ന് തന്നെ അടുത്ത നടപടിയിൽ കടക്കണം.

45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്ര സർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ടു ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് വാക്സിൻ നമുക്ക് ലഭിക്കണം.

കൊവിഡ് തരംഗത്തിൻ്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിർത്താൻ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News