ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം

ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പില്‍ കൂടി ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോല്‍-പാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്‍റെ സ്ക്രീന്‍ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാല്‍ മതിയാകും. ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പാസിനായി അപേക്ഷിക്കാവൂവെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പോലീസിന്‍റെ ഇ-പാസിന് അപേക്ഷിക്കേണ്ട ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ടായിരിക്കണം. 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ കൂടി ഒപ്പം യാത്രചെയ്യാന്‍ അനുവദിക്കും.

അപൂര്‍വ്വമായെങ്കിലും ചില സ്ഥലങ്ങളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്ക് ധരിക്കാതെ പൊതുനിരത്തില്‍ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ലോക്ഡൗണിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ജനങ്ങള്‍ പൊതുവെ നിയന്ത്രണങ്ങളോട് സഹകരിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. വൈറസിന്‍റെ വ്യാപനം തടയുന്നതിന് തങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പൊതുജനങ്ങള്‍ പൂർണമായും മനസ്സിലാക്കിയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News