ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാം: 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഇല്ല. എന്നാൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ്വ തയ്യാറെടുപ്പ് അവലോകനം ചെയ്തു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, സിആർപിഎഫ്, അഗ്നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദേശ സ്ഥാപനങ്ങൾ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഇത്തവണ ഒരു ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് 13 നോട് കൂടി അറബിക്കടൽ കൂടുതൽ പ്രക്ഷുബ്ധമാകും എന്നാണ് പ്രവചനം. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ കേരള തീരത്ത് മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിക്കുകയാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലിൽ പോകാൻ പാടുള്ളതല്ല. നിലവിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിലേർപ്പെട്ട് കൊണ്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

ന്യൂനമർദം രൂപപ്പെടുന്ന ഘട്ടത്തിൽ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അപകടകരമായ അവസ്ഥയിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദേശം നൽകി. തീരദേശത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഈ കാര്യങ്ങൾക്ക് നേതൃത്വം നൽകും.

വേനൽ മഴയോട് അനുബന്ധിച്ച് ലഭിച്ചു കൊണ്ടിരിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ന്യൂനമർദ രൂപീകരണത്തിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡൻ-ജൂലിയൻ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന സാഹചര്യമാണുള്ളത്. ഉച്ച തിരിഞ്ഞുള്ള ശക്തമായ ഇടിമിന്നലും മഴയും അടുത്ത ദിവസങ്ങളിലും തുടർന്നേക്കും.

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കങ്ങളും രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണോ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ മൂലമോ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന മുഴുവൻ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും വൈദ്യുത വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഇത് ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ മുഴുവൻ ആശുപത്രികളിലും ജനറേറ്ററുകൾ സ്ഥാപിക്കാനും നിർദേശിച്ചു. വൈദ്യുത ബന്ധത്തിൽ തകരാറുകൾ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ, ആവശ്യമായ ടാസ്ക് ഫോഴ്‌സുകൾ തുടങ്ങിയവ വൈദ്യുത വകുപ്പ് മുൻകൂട്ടി സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമെർജൻസി ഓപ്പറേഷൻസ് സെന്റർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടർ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. നിർദേശങ്ങൾ കർശനമായി പാലിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ഇ.ഓ.സിയുമായി ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here