മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മൂന്നാറില്‍ സി എസ് ഐ സഭ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് സഭാ ശുശ്രൂഷകര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച വൈദികരുടെ എണ്ണം നാലായി. സി എസ് ഐ അമ്പലക്കാല പള്ളിയിലെ സുവിശേഷകന്‍ അമ്പൂരി സ്വദേശി ബിനോകുമാറും (39), സി എസ് ഐ കള്ളിക്കാട് വെസ്റ്റ് മൗണ്ട് പള്ളിയിലെ സുവിശേഷകന്‍ ആറയൂര്‍ സ്വദേശി ദേവപ്രസാദുമാണ് (59) കഴിഞ്ഞ ദിവസം മരിച്ചത്.

ബിനോകുമാര്‍ നാലുവര്‍ഷംമുമ്പാണ് അമ്പലക്കാല പള്ളിയില്‍ സഭാ ശുശ്രൂഷകനായത്. ഇതിനുമുമ്പ് കള്ളിക്കാട് സഭയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശോഭ. മക്കള്‍: അന്‍സ്, അസ്ന.

ആറയൂര്‍ സ്വദേശിയായ ദേവപ്രസാദ് സി എസ് ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് അംഗം കൂടിയാണ്. ഭാര്യ: ക്രിസ്തുരാജം, (റിട്ട ഗവ. നഴ്സ്). മക്കള്‍: ഡാനിഷ്, അജീഷ്

ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ ധ്യാന ശേഷം മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞയാഴ്ചയാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സി എസ് ഐ വൈദികര്‍ ധ്യാനം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഘാടര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. സി എസ് ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പെടെ കേസില്‍ പ്രതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here