കനത്ത മഴ: ജില്ലകളില്‍ കോണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണസജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളിലുള്ളവരെ ആവശ്യമെങ്കില്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റും. മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മുഴുവന്‍ കൊവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകളിലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കും. ആശുപത്രികളില്‍ ജനറേറ്ററുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. വൈദ്യുതി തകരാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് ടാസ്‌ക് ഫോഴ്സുകള്‍ സജ്ജമാക്കി. വായുസേനയുടെ ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിലയുറപ്പിക്കും.

ശക്തമായ മഴയില്‍ വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണോ, മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 1077 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

വ്യാഴാഴ്ചയോടെ അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മീന്‍പിടിത്തം പൂര്‍ണമായി നിരോധിച്ചു.

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് (തീവ്രമഴ) പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം തിരുവനന്തപുരത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ട തമ്പാനൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. റയില്‍വേയുടെ ഭാഗത്തുകൂടി പോകുന്ന 119 മീറ്റര്‍ ആമയിഴഞ്ചാന്‍ തോട് ഉടന്‍ വൃത്തിയാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News