സമൂഹ അടുക്കള: പത്ത് ദുര്‍ബല വിഭാഗങ്ങളിലെ അര്‍ഹര്‍ക്ക് ഭക്ഷണമെത്തിക്കും

സംസ്ഥാനത്ത് സമൂഹ അടുക്കളവഴി കൂടുതല്‍ പേര്‍ക്ക് ഭക്ഷണമെത്തിക്കും. കൊവിഡ് രോഗികള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍, ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ പത്ത് ദുര്‍ബലവിഭാഗങ്ങളിലെ അര്‍ഹര്‍ക്ക് ഭക്ഷണം ലഭ്യമാക്കും. ഇതു സംബന്ധിച്ച് തദ്ദേശവകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആവശ്യാനുസരണംമാത്രമേ സമൂഹഅടുക്കള ആരംഭിക്കാവൂ. ദുര്‍ബലവിഭാഗങ്ങളില്‍നിന്ന് അര്‍ഹരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം.

ഭക്ഷണം ആവശ്യമുള്ള കിടപ്പുരോഗികളും പാലിയേറ്റീവ് കെയറിലുള്ളവരും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലുള്ളവര്‍ എന്നിവരും പട്ടികയിലുണ്ടാകും. തൊഴില്‍വകുപ്പ് ആവശ്യപ്പെടുന്ന മുറയ്ക്ക് അതിഥിത്തൊഴിലാളി ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കും. അഗതിരഹിത കേരളം പദ്ധതിയിലുള്‍പ്പെട്ടവര്‍, ബഡ്സ് ഗുണഭോക്താക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഭിക്ഷാടകര്‍, അഗതികള്‍ എന്നിവര്‍ക്കും ഭക്ഷണമെത്തിക്കണം.

ഈ വിഭാഗങ്ങളിലുള്ളവരുടെ വാര്‍ഡ് തിരിച്ചുള്ള പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ സൂക്ഷിച്ച് ആഴ്ചതോറും പുതുക്കണം. പട്ടികയുടെ പകര്‍പ്പ് താലൂക്ക് ഇന്‍ഡിസന്റ് കമാന്‍ഡറിന് ലഭ്യമാക്കണം. പട്ടികയുടെ അടിസ്ഥാനത്തിലാകണം സമൂഹ അടുക്കള തയ്യാറാക്കാന്‍. സമൂഹ അടുക്കളയുടെ പരിസരത്ത് ആഹാരം വിളമ്പുകയോ പാഴ്സലോ നല്‍കരുത്. പാഴ്സല്‍ വീട്ടിലെത്തിക്കാനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം.

തദ്ദേശസ്ഥാപനങ്ങള്‍ ജനകീയ ഹോട്ടലുകളെയാണ് സമൂഹ അടുക്കളയ്ക്കുവേണ്ടി ആശ്രയിക്കേണ്ടത്. അവയില്ലെങ്കില്‍ കുടുംബശ്രീ ആഭിമുഖ്യത്തില്‍ ആരംഭിക്കാം. ഭക്ഷണമെത്തിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ ഏര്‍പ്പെടുത്തണം. അവശ്യഘട്ടങ്ങളില്‍മാത്രം കുടുംബശ്രീക്കാരെ കൂടാതെ പാചകത്തൊഴിലാളികളെയും വിനിയോഗിക്കാം. ജനകീയഹോട്ടല്‍വഴി 20 രൂപയ്ക്ക് ഭക്ഷണപ്പൊതി ഉറപ്പുവരുത്തണം. സമൂഹ അടുക്കളകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റത്തവണ റിവോള്‍വിങ് ഫണ്ടായി 50,000 രൂപ അനുവദിക്കണം. അവയ്ക്കുള്ള ധനസഹായമോ, മറ്റ് സാമഗ്രികളോ സ്പോണ്‍സര്‍ഷിപ്പിലൂടെ കുടുംബശ്രീക്ക് നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here