യു പിയിലെ ഉന്നാവില്‍ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ഉന്നാവിലെ ബക്സര്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ആഴത്തില്‍ കുഴിച്ചിടാത്തതിനാല്‍ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിക്കുന്ന സ്ഥിതിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റായ്ബറേലി, ഉന്നാവ്, ഫത്തേപ്പൂര്‍ എന്നീ ജില്ലകളില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണ് ബക്സര്‍ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം. ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാണോ അതോ, തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും, ചില മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മൃതദേഹങ്ങള്‍ എങ്ങനെ ഇവിടെ എത്തി എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും, സര്‍ക്കിള്‍ ഓഫീസറോടും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു. പിയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുന്ന പശ്ചാത്തലത്തില്‍, ഉന്നാവിലെ ഗംഗാനദീതീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നതെന്ന് പ്രാദേശികമാധ്യമങ്ങള്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതു കണ്ടെത്തിയിരുന്നു ഗാസിപുരില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിരുന്നു. നിരവധി മൃതദേഹങ്ങള്‍ തങ്ങള്‍ തിരിച്ചെടുത്ത് സംസ്‌കരിക്കുകയായിരുന്നുവെന്ന് ബീഹാര്‍ അറിയിച്ചിരുന്നു. യു പിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ ബീഹാര്‍ സര്‍ക്കാര്‍ വല സ്ഥാപിച്ചിരുന്നു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് റാണിഘട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News