മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തിന്റെ പേരില്‍ പണംതട്ടല്‍

മാനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ പരാജയത്തിന് പിന്നാലെ സാമ്പത്തിക ആരോപണവും. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ വ്യാപക തിരിമറി നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ വൈസ് ചെയര്‍മാനായിരുന്ന കമ്മന മോഹനന്‍ ആരോപിച്ചു.

വോട്ട് ചോര്‍ച്ചയുടെ പിന്നിലും സാമ്പത്തിക ഇടപാടുകളുണ്ട്. വെള്ളമുണ്ടയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തിന്റെ പേരിലും പണംതട്ടിയെന്ന ഗുരുതര ആരോപണവും മോഹനന്‍ ഉന്നയിച്ചു. കെ പി സി സി പ്രത്യേക സമിതിയെ നിയമിച്ച് ഇക്കാര്യവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനെതിരെയാണ് മുന്‍ ഡി സി സി സെക്രട്ടറി കമ്മന മോഹനന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഡി സി സി പ്രസിഡന്റിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മോഹനന്‍ തുറന്നടിച്ചു.

ഭാരവാഹി അല്ലാതിരുന്നിട്ടും ഡി സി സി പ്രസിഡന്റിന്റെ അടുപ്പക്കാരനെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ താക്കോല്‍സ്ഥാനം ഏല്‍പ്പിച്ചത് സാധാരണ പ്രവര്‍ത്തകരെ നിരാശപ്പെടുത്തി. ഇത് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാരും ഒരേ ഗ്രൂപ്പുകാരും ഡി സി സി പ്രസിഡന്റിന്റെ നോമിനികളുമാണ്. ഇവരില്‍ ആരൊക്കെ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചുവെന്ന് പരിശോധിക്കണം. ചില മണ്ഡലം പ്രസിഡന്റുമാരുടെ ബൂത്തില്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരേ പാര്‍ടിയില്‍ അവശേഷിക്കുന്നുള്ളു.

ഭവനസന്ദര്‍ശനത്തിനുപോലും ആളില്ലാത്ത സ്ഥിതിയായിരുന്നു. പാര്‍ട്ടിയെ ഈ ഗതിയില്‍ എത്തിച്ചത് ഡി സി സി പ്രസിഡന്റാണ്. രാജിവച്ച ചില മണ്ഡലം പ്രസിഡന്റുമാരെ നിര്‍ബന്ധിച്ച് സ്ഥാനത്ത് തുടരാന്‍ അവസരം നല്‍കി. ജയലക്ഷ്മിയോട് അടുപ്പമുള്ള പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി നടപടിയെടുത്ത് മാറ്റിനിര്‍ത്തി.

2016ലെ തെരഞ്ഞെടുപ്പില്‍ ജയലക്ഷ്മിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചവരുടെ പേരിലെടുത്ത നടപടി പിന്‍വലിച്ച് ഇവരെ പല സ്ഥാനത്തും നിയമിച്ചു. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ ഡി സി സിക്ക് ഒരു അധികാരവുമില്ല. കുറ്റക്കാരെ വെള്ളപൂശാനും സ്വയം രക്ഷപ്പെടാനുമാണ് ഡി സി സി പ്രസിഡന്റ് അന്വേഷണ സമിതിയെ വച്ചത്. ഇത് തിരിച്ചറിയാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് കഴിയും. കെ പി സി സി പ്രത്യേക സമിതിയെവച്ച് ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.

ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന കമ്മന മോഹനന്‍ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ഭാരവാഹി കൂടിയായിരുന്നു. മോഹനനെ കൂടാതെ മറ്റുരണ്ട് ഡി സി സി ജനറല്‍ സെക്രട്ടറിമാര്‍കൂടി സ്ഥാനം രാജിവച്ചിരുന്നു. ഡി സി സി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയെ ജയലക്ഷ്മിയും കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. പരാജയം കെ പി സി സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയലക്ഷ്മി നേതൃത്വത്തിന് കത്തും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News