‘ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ദയനീയ സ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകിപെരുകുന്ന ശവശരീരങ്ങള്‍’: കേന്ദ്രത്തിന്റെ ഒട്ടകപക്ഷി നയം കൊണ്ട് കാര്യമില്ലെന്ന് തോമസ് ഐസക്

ഗംഗാനദിയിലൂടെ കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതുചൂണ്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്. ഗംഗയിലെ ശവശരീരങ്ങള്‍ രോഗവ്യാപത്തിന്റെ ഒരു പുതിയ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഇത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഈ സ്ഥിതിവിശേഷത്തിന്റെ ഉത്തരവാദിത്തം തുല്യനിലയില്‍ മോദിക്കും കേന്ദ്രസര്‍ക്കാരിനുമുണ്ട്. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ചടുലവേഗത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകിയതുകൊണ്ടാണ് മരണസംഖ്യ പെരുകുന്നതും രോഗികളുടെ എണ്ണം കുതിച്ചുയരുന്നതും. ഇനിയും ഒട്ടകപക്ഷിനയം മോദിയെയും അമിത് ഷായേയും രക്ഷിക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് ആഞ്ഞടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ദയനീയ സ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകിപെരുകുന്ന ശവശരീരങ്ങള്‍. സ്ഥിതിവിശേഷത്തിന്റെ ഗുരുതര സ്വഭാവം മനസിലാക്കി ഇടപെടുന്നതിനു പകരം ബീഹാറും യുപിയും പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുകയാണ്.

ഗംഗയിലെ ശവശരീരങ്ങള്‍ രോഗവ്യാപത്തിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുകയാണ്. ഇതുവരെ നഗരകേന്ദ്രീകൃതമായിരുന്നു കോവിഡ് വ്യാപനം. എന്നാല്‍ ഇത് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. ഇന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പറയുന്നത് ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ”ഓരോ രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളില്‍ ആരെങ്കിലും ഒരാള്‍ സമീപകാലത്ത് കോവിഡുമൂലം മരിച്ചിട്ടുണ്ട്” എന്നാണ്. നഗരങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ രോഗവാഹകരമായി മാറുന്നു. അവരെ ക്വാറന്റൈനിലാക്കുന്നതിനും മറ്റും ഒരു സംവിധാനവുമില്ല.

കേരളത്തിനു പുറത്ത് ആശുപത്രികളില്‍ സിംഹപങ്കും നഗരങ്ങളിലാണ്. ഇതാണ് ഗ്രാമപ്രദേശങ്ങളിലെ കോവിഡ് താണ്ഡവത്തെ ഉഗ്രപ്രതാപിയാക്കുന്നത്. ചികിത്സയും പ്രതിരോധവും ഇല്ല. നിസഹായരായ മനുഷ്യര്‍. നാമമാത്രമായ ബോധവല്‍ക്കരണം മാത്രം. വലിയൊരു ആരോഗ്യ ദുരന്തമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നാണ് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ ജേക്കബ് ജോണ്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നത്. ഈ സ്ഥിതിവിശേഷത്തിന്റെ ഉത്തരവാദിത്തം തുല്യനിലയില്‍ മോദിക്കും കേന്ദ്ര സര്‍ക്കാരിനുമുണ്ട്. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ചടുലവേഗത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകിയതുകൊണ്ടാണ് മരണസംഖ്യ പെരുകുന്നതും രോഗികളുടെ എണ്ണം കുതിച്ചുയരുന്നതും.

ശ്മശാനങ്ങള്‍ നിറഞ്ഞു കവിയുന്നതുകൊണ്ടാണല്ലോ, ജനങ്ങള്‍ക്ക് മൃതദേഹം ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്. വിറകില്ലാത്തതുകൊണ്ട് ശവസംസ്‌ക്കാരത്തിന് മാര്‍ഗമില്ല എന്ന് പരിതപിക്കുന്ന ഗ്രാമീണരെ ചില വീഡിയോയില്‍ കണ്ടു. ഗത്യന്തരമില്ലാതെയാവും പാവങ്ങള്‍ ഇത്തരത്തില്‍ നദിയിലേയ്ക്ക് ശവം വലിച്ചെറിയുന്നത്. പക്ഷേ, അതുണ്ടാക്കാന്‍ പോകുന്ന വിപത്ത് എത്ര ഭയാനകമായിരിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. ബീഹാറിലെയും യു പിയിലെയും ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ എത്ര കണ്ട് താളം തെറ്റിയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഗ്രാമങ്ങളില്‍ എത്രയും വേഗം വാക്‌സിനെത്തിക്കണം. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടപോലെ 7500 രൂപ വീതം ഒരു കുടുംബത്തിനു മാസംതോറും നല്‍കാന്‍ തയ്യാറല്ലെങ്കില്‍, കഴിഞ്ഞ തവണ ഓരോ കുടുംബവും വാങ്ങിയ തൊഴിലുറപ്പുകൂലിയുടെ തുക അഡ്വാന്‍സായി നല്‍കാനെങ്കിലും തയ്യാറാവുക. ഇങ്ങനെയൊരു സ്ഥിതിവിശേഷം ഇതിനുമുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മോദിക്കും ഷായ്ക്കും മിണ്ടാട്ടമില്ല. ഈ ഒട്ടകപക്ഷി നയം ഇവരെ രക്ഷിക്കാന്‍ പോകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News