കൊവിഡ് ഐസിയുവില്‍ നിന്നും ഓക്സിജന്‍ മാസ്‌കുമായി കേസ് വാദിച്ച മലയാളി അഭിഭാഷകനെ അഭിനന്ദിച്ച് ദില്ലി ഹൈക്കോടതി

കൊവിഡ് ഐസിയുവില്‍ നിന്നും ഓക്സിജന്‍ മാസ്‌കുമായി കേസ് വാദിച്ച മലയാളി അഭിഭാഷകനെ അഭിനന്ദിച്ച് ദില്ലി ഹൈക്കോടതി. മുന്‍ മാധ്യമപ്രവര്‍ത്തകനും, കൈരളി ന്യൂസ് ഡല്‍ഹി റിപ്പോര്‍ട്ടറുമായിരുന്ന അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ പ്രശംസ പിടിച്ചുപറ്റിയത്. സൗദിയില്‍ മരിച്ചയാളികളുടെ കുടുംബത്തിനു നീതി തേടിയാണ് കൊവിഡ് ചികിത്സയിലിരിക്കെ സുഭാഷ് ചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായത്.

സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്, മരിച്ച ഹിമാചല്‍ സ്വദേശി സഞ്ജീവ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുഭാഷ് ചന്ദ്രന്‍ ദില്ലി ഹൈക്കോടതിയില്‍ ഹാജരായത്. കൊവിഡ് രോഗ ബാധിതനായി ഓക്‌സിജന്റെ കുറവ് നേരിടുന്ന സുഭാഷ് ഏപ്രില്‍ 27 മുതല്‍ ഹിമാചല്‍ പ്രദേശിലെ ബദ്ധിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ ഇരിക്കെ തന്നെ കേസില്‍ ഹാജരാവുകയായിരുന്നു.

ജനുവരി 24 ന് മരിച്ച സഞ്ജീവ് കുമാറിന്റെ മൃതദേഹം ഫെബ്രുവരി 18 ന് സൗദിയില്‍ തന്നെ അടക്കം ചെയ്തുവെന്ന് കുടുംബത്തെ അറിയിച്ചു.
കൂടാതെ മരണ സര്‍ട്ടിഫിക്കറ്റില്‍ മതം തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്കും, സൗദി അറേബ്യന്‍ അധികൃതര്‍ക്കും നന്ദിയറിയിച്ചാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. അതേസമയം, ആശുപത്രിയില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചു ചികിത്സയില്‍ ആയിരുന്നിട്ടും കേസില്‍ ഹാജരായ സുഭാഷ് ചന്ദ്രനെ ഹൈക്കോടതി അഭിനന്ദിച്ചു. മുന്‍ മാധ്യമപ്രവര്‍ത്തകനായ സുഭാഷ് ചന്ദ്രന്‍ കൈരളി ന്യൂസിന്റെ ദില്ലി റിപ്പോര്‍ട്ടര്‍ ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News