മഹാരാഷ്ട്രയിലെ ലോക്ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടും

കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.

അവശ്യ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.

‘പാലുല്‍പ്പാദനം, ഗതാഗതം, എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്. ചെറുകിട വ്യാപാരങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കും. ഇവയ്ക്ക് ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്,’ ചീഫ് സെക്രട്ടറി അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനു പിന്നാലെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 46,781 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 816 മരണവും സ്ഥിരീകരിച്ചു. 17.36 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 1.49 ശതമാനമാണ് മരണനിരക്കെന്നും ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here