കൊവിഡ് ചികിത്സയുടെ ഭാഗമായി തടസമില്ലാതെ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനു തിരുവനന്തപുരം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലും അടിയന്തരമായി കമ്മിറ്റി രൂപീകരിക്കണമെന്നു നിർദേശിച്ചു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.
അഡീഷണൽ മെഡിക്കൽ സൂപ്രണ്ട്, അനസ്‌തേഷ്യ വിഭാഗം മേധാവി, റെസിപിറേറ്ററി മെഡിസിൻ വിഭാഗം മേധാവി, റെസിപിറേറ്ററി മെഡിസിന് പ്രത്യേക വിഭാഗമില്ലാത്ത സ്ഥലങ്ങളിൽ ഇന്റേണൽ മെഡിസിൻ മേധാവി, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ ഉൾപ്പെടുത്തിയാണു കമ്മിറ്റി രൂപീകരിക്കേണ്ടത്. ആശുപത്രികളിലെ ഓക്‌സിജന്റെ പ്രതിദിന സ്റ്റോക്ക്, ഉപയോഗം, ബാക്കിയുള്ള സ്‌റ്റോക്ക് എന്നിവയുടെ കൃത്യമായ കണക്ക് ഈ കമ്മിറ്റി കൈകാര്യം ചെയ്യണം.
കമ്മിറ്റിയുടെ ഭാഗമായി എല്ലാ ആശുപത്രികളിലും എല്ലാ ഷിഫ്റ്റിലും ഒരു ഓക്‌സിജൻ മോണിറ്ററിങ് ടീം രൂപീകരിക്കണം.ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യതയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ഓഡിറ്റ് കമ്മിറ്റി കൊവിഡ് ജാഗ്രതാ പോർട്ടലിലെ ഓക്‌സിജൻ മൊഡ്യൂളിൽ കൃത്യമായി രേഖപ്പെടുത്തണം. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയുണ്ടാകും. ജില്ലയിലെ എല്ലാ ആശുപത്രികളും ആദ്യ ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ട് നാളെ രാവിലെ 11നു മുൻപ് ജില്ലാ ഓക്‌സിജൻ വാർ റൂമിൽ ലഭ്യമാക്കണമെന്നും കളക്ടർ നിർദേശം നൽകി.
Get real time update about this post categories directly on your device, subscribe now.