വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റിനെ വിലക്കി വി മുരളീധരൻ; പാർട്ടി തീരുമാനമെന്ന് മന്ത്രി

ഔദ്യോഗിക വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഒഴിവാക്കി.ബിജെപി തീരുമാനം മാനിച്ചാണ് താൻ ഏഷ്യാനെറ്റിനെ ഒഴിവാക്കിയതെന്നും, കേന്ദ്രമന്ത്രിയാണെങ്കിലും പാർട്ടി തീരുമാനം താൻ പാലിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ അറിയിയ്ക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഇതിനെ തുടർന്ന് ബുധനാഴ്ച മുരളീധരൻ നടത്തിയ വാർത്താസമ്മേളനം സംബന്ധിച്ച് ഏഷ്യാനെറ്റിന് അറിയിപ്പ് ലഭിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താൻ ബിജെപി നേതാവാണ്, അതുകൊണ്ട് ആ ചാനലിന് വാർത്താസമ്മേളനത്തിൽ ഇടം നൽകുന്നില്ലെന്ന് മുരളീധരൻ പ്രതികരിച്ചു.

മുരളീധരന്റെ വിലക്ക് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസിൽനിന്നും പ്രതികരണമുണ്ടായിട്ടില്ല. കുറച്ചുദിവസങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൽകിയ മറുപടി അപമാനകരമാണെന്ന് കാട്ടി ബിജെപി പ്രതിഷേധ ക്യാമ്പയിൻ നടത്തിയിരുന്നു. തുടർന്ന് സംഭവത്തിൽ പരസ്യമായി മാപ്പുപറയാൻ ചാനൽ തയ്യാറായി.

ഒരു കേന്ദ്രമന്ത്രിക്ക് ഔദ്യോഗികവാർത്താസമ്മേളനത്തിൽ ഒരു മാധ്യമസ്ഥാപനത്തെ വിലക്കാൻ അധികാരമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടിയാണ് ഔദ്യോഗികവാർത്താസമ്മേളനങ്ങൾ. അതിൽ പങ്കെടുക്കാനുള്ള മാധ്യമപ്രവർത്തകരുടെ അർഹത അവകാശമാണ്. ഔദ്യോഗികവാർത്താ സമ്മേളനത്തിൽ ചില മാധ്യമപ്രവർത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോൾ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു, ചിലരെ വിലക്കിയപ്പോൾ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരൻ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News