ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആദ്യം ഓറഞ്ച് അലേര്‍ട്ട് ആയിരുന്നത് ഇന്നലെ വൈകുന്നേരത്തോടെയാണ് റെഡ് അലേര്‍ട്ടാക്കി ഉയര്‍ത്തിയത്. ഓറഞ്ച് അലേര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതികൂല സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയില്‍ നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.
കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴമുന്നറിയിപ്പാണ് റെഡ് അലേര്‍ട്ട്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററിനു മുകളില്‍ ലഭിക്കുന്ന അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ദുരന്ത നിവാരണത്തില്‍ മുന്‍നിരയില്‍ ഉള്ള റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരായ സബ് കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരെ ഇന്‍സിഡ്ന്റ് കമാന്‍ഡര്‍മാരായി നിയമിച്ചു.
തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ജില്ലയില്‍ 263 സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണം തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫിസര്‍ മുഖേന നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
കോവിഡ് പശ്ചാതലത്തില്‍ രണ്ടു തരം ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡ് പോസിറ്റീവായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു വേണ്ടി 44 പ്രത്യേക ഡിസിസി (ഡോമിസിലിയറി കോവിഡ് കെയര്‍ സെന്ററുകള്‍ ) സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍, പോലീസ് എന്നീ വകുപ്പുകളുടെ സഹായത്തോടെ റവന്യൂ അധികൃതര്‍ മൈക്ക് അനോണ്‍സ്‌മെന്റുകളിലൂടെയും മറ്റും നല്‍കുന്നതാണ്. കളക്ടര്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
അടിയന്തിര ഘട്ടത്തില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനും ക്യാമ്പുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും എല്ലാ പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 15 ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനുകളും അടിയന്തിര രക്ഷാ ഉപകരണങ്ങള്‍ തയാറാക്കി വെച്ച് മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജരാണ്. ഫയര്‍&റെസ്‌ക്യൂ ഓഫീസര്‍മാര്‍ക്കൊപ്പം സിവില്‍ ഡിഫനന്‍സ് വോളണ്ടിയര്‍മാരും രംഗത്തുണ്ടാകും.
ഡാമുകളിലെ ജലനിരപ്പ് ദിവസവും നിരീക്ഷിച്ചുവരുന്നുണ്ട്. സുരക്ഷിതമായ അളവില്‍ പുറത്തേക്കൊഴുക്കുന്നുണ്ട്. എന്നാല്‍ അടിയന്തിര സാഹചര്യം വന്നാല്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രാത്രികാലത്തും ഡാമുകള്‍ തുറന്നേക്കാം. ഇത് മുന്‍കൂട്ടി കണ്ട് നദികളിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ അറിയിപ്പ് ലഭിച്ചാല്‍ മാറിത്താമസിക്കാന്‍ തയാറായിരിക്കണം. ഇവര്‍ പരിഭ്രാന്തരാകാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നതിന് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
Get real time update about this post categories directly on your device, subscribe now.