മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു. എൽഗർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഹാനി ബാബുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തലോജ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബാബുവിനെ നേത്ര ചികിത്സക്കായി ബുധനാഴ്ച രാത്രിയാണ് ജെജെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ബാബുവിനെ വിദഗ്ധ ചികിത്സക്കായി ജി ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 7.30 ഓടെ, ഹാനിയുടെ അമ്മ മകനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ, ഹാനി കോവിഡ് രോഗ ബാധിതനാണെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സാണ് അറിയിച്ചത്.
തുടർന്നാണ് ജെജെ ഹോസ്പിറ്റലിൽ നിന്ന് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുവാനുള്ള തീരുമാനം . കോവിഡ് -19 ചികിത്സ കൂടാതെ കണ്ണിന്റെ അണുബാധയ്ക്കുമുള്ള ചികിത്സയും കൂടി തേടിയാണ് ജി ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നവി മുംബൈയിലെ തലോജ ജയിലിൽ കഴിഞ്ഞിരുന്ന ബാബുവിന് നേത്ര രോഗമുണ്ടായിരുന്നുവെന്നും ശരിയായ ചികിത്സ വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജെ ജെ ആശുപത്രിയിൽ കൊണ്ട് പോകുന്നത്.
2020 ജൂലൈയിലാണ് ബാബുവിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന ഒരു രഹസ്യയോഗത്തിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതാണ് എൽഗർ പരിഷത്ത് കേസ്. യോഗം നടന്നതിന്റെ പിറ്റേന്ന് കൊറെഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം നടന്ന അക്രമത്തിന് കാരണം ഈ പ്രസംഗമായിരുന്നുവെന്ന് പോലീസ് ആരോപിച്ചു . യോഗത്തിന് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്ന് പൂനെ പോലീസ് അവകാശപ്പെടുന്നു . പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ സുധ ഭരദ്വാജ്, വരവര റാവു തുടങ്ങി നിരവധി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
Get real time update about this post categories directly on your device, subscribe now.