മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ജില്ലാഭരണകൂടം. ജില്ലാ,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തിയത്. ഇതോടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാഭരണകൂടം പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
ഓരോ താലൂക്കുകളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി സമയോചിതമായ ഇടപെടലുകള്‍ നടത്താന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ജില്ലാ,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. വെള്ളപ്പൊക്കമുണ്ടായാല്‍ ഏറ്റവുമധികം ബാധിക്കുക ചെല്ലാനം, കൊച്ചി കോര്‍പ്പറേഷന്‍, പറവൂര്‍, കോതമംഗലം, മുവാറ്റുപുഴ എന്നീ പ്രദേശങ്ങളെയാണ്.ഇവിടങ്ങളില്‍ ദുരന്ത നിവാരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കിയിട്ടുണ്ട്. നഗരത്തില്‍ വെള്ളക്കെട്ടുണ്ടായാല്‍ നേരിടാന്‍ മുന്നൊരുക്കം നടത്തിക്കഴിഞ്ഞു.
മത്സ്യ ബന്ധനത്തിന് പോയിട്ടുള്ള എല്ലാ ബോട്ടുകളോടും തിരിച്ചെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിരിച്ചെത്താത്ത ബോട്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അതേസമയം, കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് ക്യാംപുകള്‍ തുറന്നു.ഇവിടെ 20ഓളം വീടുകളിലാണ് വെള്ളം കയറിയത്. ചെല്ലാനം പഞ്ചായത്തിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.ഡൊമിസിലറി കെയര്‍ സെന്ററും പ്രവര്‍ത്തന സജ്ജമാണ്.
മുവാറ്റുപുഴ, കോതമംഗലം മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നേരത്തെതന്നെ നടപടി തുടങ്ങിയിരുന്നു.അതേ സമയം ശക്തമായ മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂതത്താന്‍ കെട്ടിന്റെ 4 ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. മഴ ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം.അതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
Get real time update about this post categories directly on your device, subscribe now.