ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞു; ബിറ്റ്കോയിന്റെ മൂല്യം കുത്തനെ താഴോട്ട്

ടെസ്ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ബിറ്റ്കോയിന്‍ ഉപയോഗിച്ച് ടെസ് ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇനി വാങ്ങാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ നയംവ്യക്തമാക്കിയത്. ബിറ്റ്കോയിന്‍ ഖനനത്തിന് ജൈവ ഇന്ധനം വന്‍തോതില്‍ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിനുപിന്നില്‍. ഖനനത്തിന് താരതമ്യേന കുറച്ച് ഊര്‍ജം മാത്രം ഉപയോഗിക്കുന്ന മറ്റ് ക്രിപ്റ്റോകറന്‍സികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം തുടര്‍ച്ചയായി രണ്ടാംദിവസവും ഇടിഞ്ഞു. നിലവില്‍ 50,000 ഡോളറിന് താഴെയാണ് ഒരു ബിറ്റ്കോയിന്റെ മൂല്യം. 60,000 ഡോളറായിരുന്നു ഒരാഴ്ചമുമ്പ് ബിറ്റ്കോയിന്റെ വില. മസ്‌കിന്റെ ട്വീറ്റ് പുറത്തുവന്നതോടെ നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞതാണ് മൂല്യതകര്‍ച്ചക്കിടയാക്കിയത്.

അതേസമയം, കൈവശമുള്ള ബിറ്റ്കോയിനുകള്‍ ഒഴിവാക്കില്ലെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 150 കോടി ഡോളര്‍ ബിറ്റ്കോയിനില്‍ നിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. അതോടെയാണ് കോയിന്റെ മൂല്യം 60,000 ഡോളറിന് മുകളിലേയ്ക്ക് കുതിച്ചത്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here