ദേശീയ ഡെങ്കിപ്പനി ദിനം: പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണം

ദേശീയ ഡെങ്കിപ്പനി ദിനമായ ഞായറാഴ്ച എല്ലാ വീടുകളിലും പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ജയശ്രീ വി അറിയിച്ചു. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

ജില്ലയിലെ ചില സ്ഥലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മഹാമാരി രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മറ്റ് പകർച്ച വ്യാധികൾകൂടി പടർന്നു പിടിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും മരണ നിരക്ക് വർദ്ധിക്കുന്നതിനും കാരണമായേക്കും.

ദിനചാരണത്തിന്റെ ഭാഗമായി ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, കവറുകൾ, കപ്പുകൾ, കുപ്പി, മുട്ടത്തോട്, കക്കത്തോട്, ടയർ തുടങ്ങി വെളളം കെട്ടി നിൽക്കാൻ ഇടയുളള സാധനങ്ങളും മാലിന്യങ്ങളും നമ്മുടെ പരിസരത്തു നിന്നും പൂർണമായും ഒഴിവാക്കണം. ഉപയോഗ ശൂന്യമായ സാധനങ്ങൾ വലിച്ചെറിയുന്ന ശീലം മാറ്റണം.വീടുകങ്ങളിലെ റഫ്രിജറേറ്ററിനു പുറകിലെ ട്രേ, എയർ കണ്ടീഷണർ, കൂളർ, ഇൻഡോർ ചെടിച്ചട്ടികൾക്കടിയിലെ പാത്രം തുടങ്ങിയവയിൽ വെളളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് ഇടക്കിടെ പരിശോധിക്കുകയും ഉണ്ടെങ്കിൽ ഒഴിവാക്കുകയും ചെയ്യണം.

ടെറസ്, സൺഷേഡ്, ഓട തുടങ്ങിയ ഇടങ്ങളിൽ വെളളം കെട്ടി നിൽക്കാൻ അനുവദിക്കാതെ ഒഴുക്കി കളയണം. വെളളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ കൊതുകുകൾ കടക്കാത്ത വിധം അടച്ചു വെക്കുക. ആഴ്ചയിലൊരിക്കലെങ്കിലും ഇവയുടെ ഉൾവശം ഉരച്ചു കഴുകി വൃത്തിയാക്കണം.

കൊതുകുകടി ഏൽക്കാതിരിക്കാനുളള, കൊതുകു വല പോലുളള മാർഗ്ഗങ്ങളോ, കൊതുകിനെ അകറ്റുന്ന രാസവസ്തുക്കളോ ഉപയോഗിക്കണം.
വീടുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഉറവിട നശീകരണ ദിനം (ഡ്രൈ ഡേ) ആചരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News