തന്നെ നഖശിഖാന്തം എതിർത്തവരോടുപോലും പകപോക്കാൻ പിണറായി നിൽക്കാറില്ല. ചിലർ ആ പാറയിൽ തലതല്ലി വീഴുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്നം:ജോൺ ബ്രിട്ടാസ് എം പി .

താൻ അടുത്തറിഞ്ഞിട്ടുള്ള പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ പറ്റി ജോൺ ബ്രിട്ടാസ് എം പി .

“പിണറായിയെ സംബന്ധിച്ചു വിശ്വാസത്തിൽ അൽപമോ അധികമോയെന്ന വ്യത്യാസമില്ല. ഒന്നുകിൽ വിശ്വസിക്കുക, അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക എന്നേയുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നതു സമ്പൂർണമാണ്. അതെ, അദ്ദേഹം കേരള ജനതയെ വിശ്വസിക്കുന്നു. അത് അൽപ വിശ്വാസമല്ല, ഹൃദയപൂർവമുള്ള വിശ്വാസമാണ്. അവർക്കു കരുതലായി, താങ്ങായി, തണലായി പിണറായി വിജയൻ ഒപ്പമുണ്ടാകും.”

ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ മുഖ്യമന്ത്രിയെക്കുറിച്ചുള്ള പല പൊതുധാരണകൾക്കുമപ്പുറമാണ്.

“പിണറായി എന്നും പോസിറ്റീവാണ്. പരദൂഷണം പറയാറില്ലെന്നു മാത്രമല്ല, അതു കേൾക്കാറുമില്ല. മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞ് അങ്ങോട്ടു ചെല്ലേണ്ട. നിരാശപ്പെടേണ്ടി വരും. മറുപടികൾ ഉരുളയ്ക്ക് ഉപ്പേരി പോലെയാകും. ആ പറച്ചിലോടെ അതു തീരുന്നു. തന്നെ നഖശിഖാന്തം എതിർത്തവരോടുപോലും പകപോക്കാൻ പിണറായി നിൽക്കാറില്ല. ചിലർ ആ പാറയിൽ തലതല്ലി വീഴുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്നം.
വന്ന വഴിയിൽ പരിചയപ്പെട്ട ഒരാളെപ്പോലും മറക്കുകയോ പഴയ വഴിത്താരയിലെ കണ്ണികളെ അദ്ദേഹം അറുത്തുകളയുകയോ ചെയ്യാറില്ല. അതുപോലെ തന്നെ സംഘടനാപരമായ അച്ചടക്കത്തിന് അദ്ദേഹം വലിയ പ്രാധാന്യം കാണുന്നു. ഏതു തീരുമാനമെടുക്കുമ്പോഴും സഹപ്രവർത്തകരുമായും ചർച്ച ചെയ്യും.
മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതൽ തവണ എകെജി സെന്ററിൽ പോയ മുഖ്യമന്ത്രിയാണു പിണറായി. സംഘടനാ സംവിധാനത്തോട് എന്നും നീതി പുലർത്തുന്നു. കൂട്ടത്തിൽ ഒരു സ്വകാര്യം കൂടി പറയാം. ഈ മനുഷ്യന്റെ അസാമാന്യ നേതൃത്വപാടവവും എന്തു പ്രശ്നങ്ങളെയും നേരിടാനുള്ള നെഞ്ചുറപ്പും നേരത്തേ കണ്ട ആരോ ചിലരാണ്, ലാവ്‌ലിനിൽ കുടുക്കി നിർവീര്യനാക്കാൻ ശ്രമിച്ചത്. അതുകൊണ്ടുള്ള നഷ്ടം വന്നതു കേരള ജനതയ്ക്കാണെന്നു കാലം തെളിയിക്കും.
നമ്മളൊക്കെ കേൾക്കുന്നതിലും കൂടുതൽ പറയുന്നവരാണ്. പിണറായിയാകട്ടെ, പറയുന്നതിലും കൂടുതൽ കേൾക്കുകയും അതു പഠിക്കുകയും ചെയ്യുന്നു. കൈരളി ചാനൽ എന്നത് ഇത്തരം ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. എം.എ. ബേബിയും ഞാനുമൊക്കെ തുടക്കത്തിൽതന്നെ ആ ആശയ ത്തിന്റെ കൂടെയുണ്ടായിരുന്നു. ഡൽഹിയിലെ കേരള ഹൗസിൽ പലതവണ ഇതേക്കുറിച്ചു ഞങ്ങൾ ചർച്ച നടത്തി. കോടിക്കണക്കിനു രൂപ വേണ്ടിവരുന്ന സംരംഭം കെട്ടിപ്പടുത്തതു പിണറായി വിജയൻ എന്ന ഒരൊറ്റ ആളുടെ ഇച്ഛാശക്തി കൊണ്ടായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ.
എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആ ചാനൽ വരുന്നതിനെ നഖശിഖാന്തം എതിർത്തു. പക്ഷേ, ആ ചാനലിന്റെ വഴിത്താരയിൽ ഏറ്റവും സുപ്രധാനമായതും 100 കോടി ആസ്തിയുള്ളതുമായ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നു കേന്ദ്ര മന്ത്രിയായിരുന്ന ആന്റണി തന്നെ.
കണ്ണൂരിൽ ദേശാഭിമാനി ലേഖകനായിരിക്കുമ്പോഴുണ്ടായ ഒരനുഭവം കൂടി പറയാം. ദൂരദർശനിൽ രാമാനന്ദ സാഗറിന്റെ രാമായണം പൊടിപൊടിക്കുന്ന കാലം. നൂറുകണക്കിനു രോഗികൾ പുറത്തു ക്യൂ നിൽക്കുമ്പോൾ ഡോക്ടർമാർ ഇതു കാണാൻ ഒരു മുറിയിൽ കയറിയിരിക്കുന്നുവെന്ന വിവരം കിട്ടി. ഫൊട്ടോഗ്രഫർ ജയദേവനെയും കൂട്ടി അവിടെയെത്തി. ചാരിയിട്ട വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തു കയറി. ഫ്ലാഷുകൾ തുരുതുരാ മിന്നി. ജയദേവൻ പുറത്തു കടന്നതും എന്നെ ഡോക്ടർമാർ പിടിച്ചുവച്ചതും ഒന്നിച്ചായി. ജയദേവനിൽനിന്നു വിവരം കിട്ടി പാർട്ടി ഓഫിസിൽ നിന്നും വിവിധ പത്ര ഓഫിസുകളിൽ നിന്നും വലിയൊരു സംഘം ഓടിയെത്തി എന്നെ മോചിപ്പിച്ചു. വലിയ പരുക്കൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും പിണറായി നിർബന്ധിച്ച്. അദ്ദേഹത്തിന്റെ കാറിൽ എകെജി ആശുപത്രിയിലെത്തിച്ചു. ആ സ്നേഹവും കരുതലും പിണറായി എനിക്കു മാത്രമല്ല, അദ്ദേഹത്തെ വിശ്വസിക്കുന്ന എല്ലാവർക്കും നൽകുന്നു. അതാണു കേരള ജനതയ്ക്ക് പിണറായി നൽകുന്ന കരുതൽ.
പിണറായിയെ സംബന്ധിച്ചു വിശ്വാസത്തിൽ അൽപമോ അധികമോയെന്ന വ്യത്യാസമില്ല. ഒന്നുകിൽ വിശ്വസിക്കുക, അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക എന്നേയുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നതു സമ്പൂർണമാണ്. അതെ, അദ്ദേഹം കേരള ജനതയെ വിശ്വസിക്കുന്നു. അത് അൽപ വിശ്വാസമല്ല, ഹൃദയപൂർവമുള്ള വിശ്വാസമാണ്. അവർക്കു കരുതലായി, താങ്ങായി, തണലായി പിണറായി വിജയൻ ഒപ്പമുണ്ടാകും. ഇത് ഉറപ്പ്. ചെയ്യാവുന്നതു മാത്രം പറയുകയും പറയുന്നതു മുഴുവൻ ചെയ്യുകയും ചെയ്യുന്ന പിണറായിയുടെ വാക്കാണത്. മലയാളികൾ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നതിൽ പിന്നെ എന്ത് അതിശയം? ” 
( മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം )
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here