മുംബൈയില്‍ രോഗികള്‍ കുറയുന്നു, മഹാമാരിയോട് പൊരുതി മഹാനഗരം

വെള്ളിയാഴ്ച മുംബൈയില്‍ 1,657 കേസുകളും 62 മരണങ്ങളും രേഖപ്പെടുത്തിയപ്പോള്‍ 2572 രോഗികള്‍ സുഖം പ്രാപിച്ചു. മുംബൈയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,656 ആയി കുറഞ്ഞു. ഒരു മാസം മുമ്പ്, നഗരത്തില്‍ 87,443 പേര്‍ ചികിത്സയിലുണ്ടായിരുന്നു.

കഴിഞ്ഞ നാല് ആഴ്ചയായി അസുഖം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് നഗരം രേഖപ്പെടുത്തിയതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബി എം സി) കണക്കുകള്‍ വ്യക്തമാക്കുന്നു. ബി എം സി ഡാഷ്ബോര്‍ഡ് അനുസരിച്ച് ഇപ്പോള്‍ രോഗമുക്തി നിരക്ക് 92% ആണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനുശേഷം മുംബൈയിലെ കൊവിഡ് -19 അവസ്ഥയില്‍ ഗണ്യമായ പുരോഗതിയുടെ സൂചകമാണിതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

മുംബൈയുടെ പോസിറ്റീവ് നിരക്ക് 6.5% ആയി കുറഞ്ഞു. കഴിഞ്ഞ മാസം ഏപ്രില്‍ പകുതിയോടെ ഇത് 19% ആയിരുന്നു. കേസ് ഇരട്ടിപ്പിക്കല്‍ നിരക്കും 199 ദിവസത്തിലെത്തി. എന്നിരുന്നാലും, പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളിലെ ചില ഭാഗങ്ങള്‍ ഇപ്പോഴും കൊവിഡ് കേസുകള്‍ കൂടുതലായി കാണുന്നത് ആശങ്കാജനകമാണ്.

ബി എം സി ഡാറ്റ പ്രകാരം, അന്ധേരി, ജോഗേശ്വരി, ബോറിവാലി, കാന്തിവ്ലി, മലാഡ് എന്നിവിടങ്ങളിലെ അഞ്ച് വാര്‍ഡുകളില്‍ നിന്നാണ് മൊത്തം കേസുകളില്‍ 40% റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരത്തില്‍ രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ഐ സി യു സംവിധാനങ്ങള്‍ക്കും ഓക്‌സിജന്‍ കിടക്കകള്‍ക്കുമുള്ള ആവശ്യവും കുറഞ്ഞു. രണ്ടാഴ്ച മുന്‍പ് വരെ നഗരവാസികള്‍ ഐ സി യു കിടക്കകള്‍ക്കായി പരക്കം പായുകയായിരുന്നു.

നിലവില്‍ 285 ഐ സി യു, 6,156 ഓക്‌സിജന്‍ ബെഡ്ഡുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് ബി എം സി ഡാറ്റ വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തോടെ നഗരത്തെ തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലും കൊവിഡ് -19 ന്റെ മൂന്നാം തരംഗത്തിനുള്ള ഒരുക്കങ്ങള്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 6000 കിടക്കകളും 1500 ഐ സി യു കിടക്കകളും ഉള്‍പ്പെടുന്ന നാല് ജംബോ കൊവിഡ് കെയര്‍ സെന്ററുകള്‍ കൂടി സ്ഥാപിക്കാന്‍ നഗരസഭ പദ്ധതിയിട്ടിട്ടുണ്ട്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News