കൊവിഡ് മഹാമാരിയുടെ രൂക്ഷതയെ കുറച്ച് കാണിക്കാൻ കൊവിഡ് മരണങ്ങളുടെ കണക്കുകൾ പോലും തകിടം മറിക്കുന്നു

രാജ്യം മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ മനസിനെ കൊളുത്തി വലിക്കുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കൺവെട്ടത്തേയ്ക് വരുന്നത്.ഗംഗയിലൂടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങൾ,നദിക്കരയിൽ പൂഴികൊണ്ട് മൂടിയ മൃതദേഹങ്ങൾ ……

ഒരു രാജ്യത്തിന്റെ ആസൂത്രണത്തിൽ ഏറ്റവും സുപ്രധാനമായ പങ്ക് വഹിക്കുന്നത് കളങ്കമില്ലാത്ത സ്ഥിതി വിവര കണക്കുകളാണ്.ഇതിൽ ഏറ്റവും മുന്നിട്ട് നിൽക്കേണ്ടത് ജനന -മരണ നിരക്കുകളുടെ പവിത്രതയാണ്.കൊവിഡ് മഹാമാരിയുടെ രൂക്ഷതയെ കുറച്ച് കാണിക്കാൻ കൊവിഡ് മരണങ്ങളുടെ കണക്കുകൾ പോലും തകിടം മറിക്കുന്നുവെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു .ഗുജറാത്തിലെ ദിവ്യ ഭാസ്‌കർ ദിനപത്രവും,ഹിന്ദുവുമൊക്കെ ഇതേ കുറിച്ച് വാർത്തകൾ പുറത്തു വിട്ടിരുന്നു.

“സര്‍ക്കാര്‍ മരണക്കണക്കുകള്‍ കുറച്ച് കാണിക്കുന്നു .ഗുജറാത്തില്‍ 2021 മാര്‍ച്ച് മുതല്‍ മെയ് 10 വരെയുള്ള കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്ക് 4218 ആണ്. എന്നാല്‍ 71 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കിയ പ്രകാരം ഔദ്യോഗികമായി വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 1.23 ലക്ഷമാണ്. ഔദ്യോഗിക കണക്കിനെക്കാള്‍ 65,085 എണ്ണത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് ” എന്നാണ് ദിവ്യ ഭാസ്‌കർ പറയുന്നത്.

ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം കൊവിഡ് മരണങ്ങള്‍ വരെ ഗുജറാത്തില്‍ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2020 മാര്‍ച്ച് ഒന്നുമുതല്‍ മെയ് പത്തുവരെയുള്ള കാലയളവില്‍ രാജ്കോട്ട് നഗരത്തില്‍ 2020 മരണസര്‍ട്ടിഫിക്കറ്റുകളാണ് വാങ്ങിയിരിക്കുന്നത്. 2021 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 10 വരെയുള്ള കാലത്ത് 10,878 സര്‍ട്ടിഫിക്കറ്റുകളാണ് പാസാക്കിയിരിക്കുന്നത്.എന്നാല്‍ ഈ കാലയളവില്‍ 288 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. അഹമ്മദാബാദ് നഗരത്തില്‍ 13,593 പേര്‍ക്കാണ് ഈ കാലയളവില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെങ്കില്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം ഈ കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 2126 പേര്‍ മാത്രമാണ്.സൂറത്ത് നഗരത്തില്‍ 2,769 കൊവിഡ് സര്‍ട്ടിഫിക്കറ്റുകളാണ് 2020 മാര്‍ച്ച് 1- മെയ് 10വരെയുള്ള കാലത്ത് നല്‍കിയതെങ്കില്‍ 2021ല്‍ ഇതേ കാലത്ത് 8,851 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കാലത്ത് സൂറത്തില്‍ 1074 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വിറ്ററിൽ കുറിച്ചത് ഇതാണ്

“കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഗുജറാത്തിൽ ഈ വർഷം മാർച്ച് 1 മുതൽ മെയ് 10 വരെ 65,085 മരണ സർട്ടിഫിക്കറ്റുകൾ കൂടി നൽകിയിരിക്കുന്നു. കഴിഞ്ഞ വർഷം ഈ കാലയളവിൽ 4,218 പേർ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ഗുജറാത്ത് സർക്കാർ അവകാശപ്പെടുന്നു.അങ്ങനെയെങ്കിൽ ഔദ്യോഗിക കോവിഡ് ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ മരണങ്ങൾ 15 മടങ്ങ് കൂടുതലാണ്. ഡാറ്റയോട് നമ്മൾ സത്യസന്ധത പുലർത്തുന്നുണ്ടോ? “

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here